സ്മാര്‍ട്ട് സിറ്റി നിർമ്മാണം: കര്‍ഷകരും പോലീസും തമ്മിൽ സംഘര്‍ഷം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കര്‍ഷകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. കര്‍ഷകരുടെ ഭാഗത്തുനിന്ന് കല്ലേറ് ഉണ്ടായതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തിനുവേണ്ടി എത്തിച്ച യന്ത്രങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. വ്യവസായ വികസന അതോറിറ്റി (യുപിഎസ്‌ഐഡിഎ) നിര്‍മ്മിക്കുന്ന ട്രാന്‍സ് ഗംഗ സിറ്റി പദ്ധതി പ്രദേശത്ത് തടിച്ചുകൂടിയ കര്‍ഷകരും പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്.

സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ലഖ്‌നൗവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ട്രാന്‍സ് ഗംഗ സിറ്റി സര്‍ക്കാര്‍ വികസിപ്പിക്കാനൊരുങ്ങുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെയാണ് പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്തതെന്നും കര്‍ഷകര്‍ ആരോപിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അവര്‍ പറയുന്നു.

പോലീസിനുനേരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാര്‍ പ്രദേശത്തെ പവര്‍ സ്റ്റേഷനിലേക്കുള്ള പൈപ്പും അഗ്നിക്കിരയാക്കി. ഇതോടെ കര്‍ഷകര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കര്‍ഷകര്‍ ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍ സ്ത്രീകളെയടക്കം പോലീസ് മര്‍ദ്ദിച്ചുവെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് കര്‍ഷകര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഉദ്യോഗസ്ഥരും പോലീസും നടത്തിയ നിരവധി യോഗങ്ങളില്‍ പങ്കെടുത്തുവെങ്കിലും നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തീരുമാനം ഒന്നുമായില്ലെന്നും അവര്‍ പറയുന്നു.

പോലീസ് ലാത്തിച്ചാര്‍ജിന്റെ വീഡിയോ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവരെ പോലീസ് ഓടിച്ചിട്ട് തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞുവെന്നാണ് യു.പി വ്യവസായ വികസന അതോറിറ്റി അധികൃതര്‍ അവകാശപ്പെടുന്നത്. സ്മാര്‍ട്ട് സിറ്റി നിര്‍മാണം തടസപ്പെടുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും അധികൃതര്‍ ആരോപിച്ചു.

ഗ്രാമീണരെ നേരിട്ടുകണ്ട് അക്രമത്തില്‍നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ദേവ്ന്ദ്ര പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. ചില സ്ഥാപിത താത്പര്യങ്ങള്‍ പ്രശ്‌നത്തിന് പിന്നിലുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ട്രാന്‍സ് ഗംഗ സിറ്റി പ്രോജക്ടുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!