ജന്മദിനാഘോഷങ്ങളില്‍ ഹിന്ദുക്കള്‍ കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത്: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡൽഹി : ജന്മദിനാഘോഷങ്ങളില്‍ ഹിന്ദുക്കള്‍ കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സനാതന ധര്‍മ്മം പാലിക്കാന്‍ ഇത്തരം ചടങ്ങുകള്‍ ഹിന്ദുക്കള്‍ ചെയ്യാന്‍ പാടില്ലെന്നും കേന്ദ്രമന്ത്രി ഡൽഹിയില്‍ പറഞ്ഞു. രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ കുട്ടികളെ ചെറിയ പ്രായത്തിലേ പഠിപ്പിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

സനാതന ധര്‍മ്മത്തിന്‍റെ മൂല്യങ്ങള്‍ പാലിക്കുമെന്ന് കാളി ദേവിയുടെ നാമത്തില്‍ പ്രതിജ്ഞയെടുക്കണം. കുട്ടികള്‍ക്ക് രാമായണം, ഗീത പഠിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യണമെന്നും ഗിരിരാജ് സിങ് പറഞ്ഞു. എല്ലാവരും സനാതന ധര്‍മ്മ സംരക്ഷണത്തിനായി മുന്നോട്ട് വരണം. ജന്മദിനത്തില്‍ കേക്ക് മുറിക്കുന്നതിനും, മെഴുകുതിരി കത്തിക്കുന്നതിനും പകരം ശിവ, കാളി ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തണം. 

മെഴുകുതിരിക്ക് പകരം മണ്‍ചെരാതുകള്‍ തെളിക്കണമെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു. മിഷണറി സ്കൂളില്‍ പോകുന്ന കുട്ടികള്‍ ക്രിസ്തീയ ശൈലികള്‍ ആണ് പഠിക്കുന്നത്. ഇത് അവരെ സനാതന ധര്‍മ്മത്തില്‍ നിന്ന് മാറി നടക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റ് മതങ്ങളിലുള്ളവര്‍ അവരുടെ കുട്ടികളെ വിശ്വാസ പരിശീലനം നടത്തിയാണ് വളര്‍ത്തിയെടുക്കുന്നത്. 

അവര്‍ ഞായറാഴ്ചകളില്‍ പള്ളികളില്‍ പോകുന്നു, വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥിക്കുന്നു. ഈ പരിശീലനം അവരുടെ കുട്ടികള്‍ക്കും ലഭിക്കുന്നു. മിഷണറി സ്കൂളുകളില്‍ ക്രിസ്തുവിന്‍റെ രൂപമാണുള്ളത്. ഇത്തരം സ്കൂളില്‍ നിന്ന് തിരികെയെത്തുന്ന കുട്ടികള്‍ അവര്‍ക്ക് തിലകം, കുടുമ എന്നിവ വേണ്ടെന്ന് മാതാപിതാക്കളോട് പറയും. മറ്റൊരു ശൈലിയിലാണ് അവര്‍ക്ക് പഠിക്കേണ്ടി വരുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു. കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.