ജീവിതം രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വാട്‌സാപ് ഡിലീറ്റ് ചെയ്‌തോളു; മുന്നറിയിപ്പുമായി ടെലിഗ്രാം ആപ്പിന്റെ സ്ഥാപകന്‍

നിങ്ങളുടെ ഫോട്ടോകളും വിഡിയോയും പുറത്താകാതിരിക്കാൻ, ജീവിതം രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വാട്‌സാപ് ഡിലീറ്റ് ചെയ്‌തോളാനാണ് ടെലിഗ്രാം ആപ്പിന്റെ സ്ഥാപകന്‍ പാവെല്‍ ഡുറോവ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തകാലത്ത് ഇസ്രയേലി കമ്പനിയായ പെഗാസസ് വാട്‌സാപ്പിനെതിരെ നടത്തിയ ആക്രമണം ലോകത്തെ ഏറ്റവും വലിയ സന്ദേശക്കൈമാറ്റ ആപ്പിന്റെ സുരക്ഷയെപ്പറ്റി ഗുരുതരമായ സംശയങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. വാടാസാപ്പിലൂടെ ഒരാള്‍ എവിടെ നില്‍ക്കുന്നു എന്നതറിയാമെന്നതു കൂടാതെ സൂക്ഷിച്ചിരിക്കുന്ന മള്‍ട്ടിമീഡിയ ഫയലുകളും അക്‌സസ് ചെയ്യാമെന്നാണ് ഉയരുന്ന വാദം. വാട്‌സാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിഷനും മറ്റും വെറും വീമ്പിളക്കല്‍ മാത്രമാണെന്നാണ് പുതിയ ആരോപണം.

ഒരു മിസ്ഡ് കോളിൽ വിവരങ്ങൾ ചോരും

വാട്‌സാപ്പിന്റെ ഭേദ്യത ചെറിയ പൊടിക്കൈകള്‍ കൊണ്ടുതന്നെ പെഗാസസിനു കാണിച്ചു തരാനായി. ചാരവൃത്തിക്കായി തങ്ങളുടെ ക്ലൈന്റ് പോലും വാട്‌സാപ്പില്‍ വിജയകരമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അവര്‍ക്കായി. മിസ്ഡ് കോള്‍ അടിച്ചാണ് ഇതു നിര്‍വഹിച്ചതെന്നാണ് വാട്‌സാപ്പിന്റെ സുരക്ഷഭേദിക്കാന്‍ എളുപ്പമാണെന്നു വാദിക്കുന്നവര്‍ പറയുന്നത്. പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് ഏതാനും മിസ്ഡ് കോള്‍ മാത്രമടിച്ചാണ് ആക്രമണകാരികള്‍ വാട്‌സാപ്പിന്റെ സുരക്ഷ ഭേദിച്ചതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഫോണിന്റെ സുരക്ഷ ഭേദിക്കുക മാത്രമല്ല ആക്രമണകാരികൾ‌ ചെയ്തത് ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്തു. ഇതെല്ലാം പരിഗണിച്ചാല്‍ വാട്‌സാപ് എത്രയും വേഗം ഡിലീറ്റു ചെയ്യുക എന്ന ഒരു ഓപ്ഷന്‍ മാത്രമാണ് ഉപയോക്താക്കളുടെ മുന്നിലുള്ളത് എന്നാണ് പാവെല്‍ വാദിക്കുന്നത്.

നിങ്ങളുടെ ഫോട്ടോകളും സന്ദേശങ്ങളും എല്ലാം ഒരു ദിവസം എല്ലാവരും കാണുന്നത് പ്രശ്‌നവുമില്ലെങ്കില്‍ വാട്‌സാപ് തുടര്‍ന്നും ഉപയോഗിച്ചോളൂ എന്നാണ് പാവെല്‍ പറഞ്ഞത്. വാട്‌സാപ്പിന്റെ സഹസ്ഥാപകനായിരുന്ന ബ്രയന്‍ ആക്ടണും ഇതേ വികാരം പ്രകടിപ്പിക്കുകയുണ്ടായി. ആക്ടന്റെ അഭിപ്രായത്തില്‍ ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ആപ്പുകള്‍ ഉപയോക്താക്കള്‍ തങ്ങളുടെ ജീവിതത്തില്‍ നിന്നുതന്നെ ഡിലീറ്റു ചെയ്യണം. ഇക്കാര്യത്തില്‍ ആക്ടണ്‍ തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്.

പെഗാസസ് 121 പേരെ ആക്രമിച്ചെന്ന് വാട്‌സാപ്

പെഗാസസ് 121 വാട്‌സാപ് ഉപയോക്താക്കളെ ആക്രമിച്ചെന്ന് വാട്‌സാപ് സർക്കാരിനോടു പറഞ്ഞു. എന്നാല്‍ എന്തെല്ലാം കാര്യങ്ങളാണ് ആപ്പിലൂടെ ചെയ്തതെന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് പൂര്‍ണമായ അറിവില്ലെന്നും അവര്‍ അറിയിച്ചു. ആക്രമണത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരവും കൈമാറാനാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. വാട്‌സാപ്പിലൂടെ നടത്തിയ ആക്രമണം ഫോണില്‍ സ്‌റ്റോർ ചെയ്തിരുന്ന വിവരങ്ങള്‍ കടത്താനും ചാരപ്പണിക്കുമായിരുന്നു. നടന്നത് അതിസങ്കീര്‍ണ്ണമായ ആക്രമണമായിരുന്നുവെന്നും കമ്പനി പറഞ്ഞു. ആഗോള തലത്തില്‍ 1,400 വാട്‌സാപ് ഉപയോക്താക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതായും കമ്പനി വെളിപ്പെടുത്തി. ആക്രമണം പ്രധാനമായും ആക്ടിവിസ്റ്റുകള്‍ക്കു നേരെയായിരുന്നു.

വാട്‌സാപും ഫെയ്‌സ്ബുക്കും വേണ്ടന്ന് സേനയും

പാക്കിസ്ഥാന്റെയും ചൈനയുടെയും ചാരന്മാര്‍ പിന്നാലെയുള്ളതിനാല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി വാട്‌സാപ്, ഫെയ്‌സ്ബുക് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ കൂടിക്കാഴ്ചകളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ചോരാതിരിക്കാനാണ് ഈ നടപടി. 13 ലക്ഷം വരുന്ന സൈനികരോട് ഇത്തരം ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് കുറച്ചു കാലമായി തന്നെ സേന ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയ മുന്നറിയിപ്പ് അടുത്തിടെ നടന്ന ചില സംഭവവികാസങ്ങള്‍ പരിഗണിച്ചാണ്. ഹാന്‍ഡ്‌സെറ്റ് ഹാക്കു ചെയ്യപ്പെട്ടാലും വാട്‌സാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്ഷന്‍ മറികടക്കാമെന്ന് അവര്‍ പറയുന്നു.

അതേസമയം, മെസേജിങ് സംവിധാനത്തിലുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്കു കാണണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലേക്കാണ് സർക്കാർ എത്തുന്നതെന്നും അറിയുന്നു. അങ്ങനെ ബലംപിടിച്ചാല്‍ തങ്ങള്‍ ഇന്ത്യ വിട്ടുപോകുമെന്ന് വ്ടാസ്പ് മുൻപ് ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ 40 കോടി ഉപയോക്താക്കളെ വിട്ട് വാട്‌സാപ് പോകില്ല, സർക്കാർ പറയുന്നതു കേള്‍ക്കുകയെ ഉള്ളൂ എന്ന് ടെക്‌നോളജി വിദഗ്ധര്‍ പറയുന്നു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!