സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ക്ലബിന്റെ 10 ശതമാനം ഓഹരി വാങ്ങി  അമേരിക്കന്‍ സ്വകാര്യ കമ്പനി

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ക്ലബിന്റെ 10 ശതമാനം ഓഹരി 500 ദശലക്ഷം ഡോളറിന്(ഏകദേശം 3568 കോടി രൂപ) വിറ്റു. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സില്‍വര്‍ ലേക്കാണ് സിറ്റിയുടെ ഓഹരികള്‍ വാങ്ങിയിരിക്കുന്നത്. ക്ലബിന്റെ മൂല്യം ഏകദേശം 4.8 ബില്യണ്‍ ഡോളറായി(34,250 കോടി രൂപ)കണക്കാക്കിയാണ് വില്‍പന. ഇതോടെ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ കായിക കമ്പനികളിലൊന്നായി മാഞ്ചസ്റ്റര്‍ സിറ്റി മാറി.

കഴിഞ്ഞ ജൂലൈയില്‍ ഫോബ്‌സ് മാസിക കണക്കാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂല്യത്തേക്കാള്‍ ഒരു ബില്യണ്‍ ഡോളര്‍ അധികം കണക്കാക്കിയാണ് വില്‍പന നടന്നിരിക്കുന്നത്. ജൂലൈയില്‍ 2.69ബില്ല്യണ്‍ ഡോളറാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂല്യമായി ഫോബ്‌സ് കണക്കാക്കിയിരുന്നത്. അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയിരുന്ന 'അമേരിക്കന്‍ ഫുട്‌ബോള്‍' ടീമായ ഡള്ളസ് കൗബോയ്‌സായിരുന്നു പട്ടികയില്‍ മുന്നില്‍. ഇവരുടെ മൂല്യം സെപ്തംബറില്‍ 5.5 ബില്യണ്‍ ഡോളറാക്കി ഫോബ്‌സ് വീണ്ടും ഉയര്‍ത്തിയിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ 77 ശതമാനം ഓഹരിയും ഇപ്പോഴും കൈവശമുള്ളത് ഷെയ്ഖ് മന്‍സൂറിന്റെ പക്കലാണ്. ചൈനീസ് കണ്‍സോര്‍ഷ്യമാണ് 12 ശതമാനം ഓഹരികളുടെ ഉടമകള്‍. നിലവില്‍ വില്‍പന നടത്തിയ 10 ശതമാനം ഓഹരികള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഷെയ്ഖ് മന്‍സൂറിന്റേതാണ്. ക്ലബിന്റെ വികസനത്തിനും സാങ്കേതികവിദ്യകള്‍ നൂതനമാക്കാനും അടിസ്ഥാന സൗകര്യവികസനത്തിനുമാണ് വില്‍പനയിലൂടെ ലഭിച്ച പണം ഉപയോഗിക്കുകയെന്നാണ് സി.എഫ്.ജി(സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്) പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്. സിറ്റിയുടെ ഉടമകളായ സി.എഫ്.ജിക്ക് അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍, സ്‌പെയിന്‍, ഉറുഗ്വെ, ചൈന എന്നീ രാജ്യങ്ങളിലെ ക്ലബുകളിലും ഓഹരി പങ്കാളിത്തമുണ്ട്.

ചൊവ്വാഴ്ച്ച നടന്ന മത്സരത്തില്‍ 1-1ന്റെ സമനില നേടിക്കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇക്കുറി പ്രീമിയര്‍ ലീഗില്‍ അത്രമേല്‍ നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനേക്കാള്‍ ഒമ്പത് പോയിന്റ് പിന്നിലാണ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി.


 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!