‘ജനുവരി വരെ വിരമിക്കലിനെക്കുറിച്ച് ചോദിക്കരുത്’:  ധോണി

 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും സ്വയം മാറി നില്‍ക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംങ് ധോണി. 38കാരനായ ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളെ ഈ നീക്കം കൂടുതല്‍ ബലപ്പെടുത്തി. ഇപ്പോഴിതാ ആദ്യമായി തന്റെ വിരമിക്കലിനെക്കുറിച്ച് ധോണി തന്നെ പ്രതികരിച്ചിരിക്കുന്നു.

മുംബൈയില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ധോണിയെ വളഞ്ഞത്. വിരമിക്കലിനെക്കുറിച്ച് തന്നെയായിരുന്നു ചോദ്യങ്ങളില്‍ പ്രധാനപ്പെട്ടത്. 'ജനുവരി വരെ വിരമിക്കലിനെക്കുറിച്ച് ചോദിക്കരുത്' എന്നായിരുന്നു ധോണിയുടെ ആറ്റിക്കുറുക്കിയ ഉത്തരം. ജനുവരികഴിഞ്ഞ് എന്ത് സംഭവിക്കുമെന്നോ കൂടുതല്‍ വിശദാംശങ്ങളോ ധോണി നല്‍കിയില്ല.

കഴിഞ്ഞ ജൂലൈയില്‍ ലോകകപ്പ് സെമി ഫൈനലില്‍ തോറ്റതിന് ശേഷം ധോണി ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും സ്വയം വിട്ടുനിന്ന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ സൈനിക സേവനത്തിന് പോയി. പിന്നീട് ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകളിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ധോണിയെ പരിഗണിച്ചിട്ടില്ല. ഇക്കാലത്ത് ധോണി ആഭ്യന്തര ക്രിക്കറ്റും കളിച്ചിട്ടില്ല.

എന്നാല്‍, ഐ.പി.എല്ലില്‍ ധോണി കളിക്കുമെന്ന സൂചനയുണ്ട്. ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഉടമകളോട് 2021ലെ ലേലത്തില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ധോണി ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം ചെന്നൈ മാനേജ്‌മെന്റ് ധോണിയുടെ ഈ ആവശ്യത്തോട് അനുകൂലമായല്ല പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഐ.പി.എല്ലില്‍ ധോണിയുടെ പ്രകടനം കൂടി കണക്കിലെടുത്തായിരുന്നു അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് ധോണിയെ ഉള്‍പ്പെടുത്തുകയെന്ന് പരിശീലകന്‍ രവിശാസ്ത്രി സൂചന വ്യക്തമാക്കിയിരുന്നു. ധോണിക്കൊപ്പം ടീമിലെത്താന്‍ മത്സരിക്കുന്ന മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനവും പരിഗണിക്കുമെന്നും ശാസ്ത്രി പറഞ്ഞിരുന്നു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!