ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം നാളെ

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലുള്ള രണ്ടാം ഏകദിനം നാളെ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതു കൊണ്ട് തന്നെ ഇന്ത്യക്ക് മത്സരം നിർണായകമാണ്. ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ഇന്ത്യൻ സമയം പുലർച്ചെ 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ബൗളർമാരാണ് ചതിച്ചത്. പ്രത്യേകിച്ചും കുൽദീപ് യാദവും ശർദ്ദുൽ താക്കൂറും കനത്ത തല്ലു വാങ്ങി. കുൽദീപ് 10 ഓവറിൽ 84 റൺസ് വഴങ്ങിയപ്പോൾ താക്കൂർ 9 ഓവറിൽ 80 റൺസ് വിട്ടു നൽകി. കുൽദീപിനെ മാറ്റി യുസ്‌വേന്ദ്ര ചഹാലിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ കേദാർ ജാദവിനു പകരം ചഹാൽ എത്തിയേക്കും. കുൽ-ച സഖ്യത്തിൻ്റെ സാധ്യതകൾ കോലി കൃത്യമായി ഉപയോഗിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നതിൻ്റെ പശ്ചാത്തലത്തിൽ അതിനുള്ള സാധ്യത ഏറെയാണ്.

ശർദ്ദുൽ താക്കൂർ ടീമിൽ തുടരാനാണ് സാധ്യത. നവദീപ് സെയ്നി താക്കൂറിൻ്റെ സ്ഥാനം കയ്യടക്കാനും സാധ്യതയുണ്ട്. പക്ഷേ, താക്കൂർ തുടരാനാണ് കൂടുതൽ സാധ്യത. ഇന്ത്യയുടെ ഓപ്പണർമാർ ഈ മത്സരത്തിലും മാറ്റമുണ്ടാവാതെ തുടർന്നേക്കും. പൃഥ്വി ഷാ-ലോകേഷ് രാഹുൽ സഖ്യം പരീക്ഷിക്കാമെങ്കിലും അഞ്ചാം നമ്പറിൽ രാഹുലിൻ്റെ സാന്നിധ്യം ഒഴിവാക്കാനാവാത്തതു കൊണ്ട് തന്നെ മായങ്ക്, ഷായ്ക്കൊപ്പം ഓപ്പണിംഗിൽ തുടരും.

ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് നാലു വിക്കറ്റിനാണ് ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം ന്യൂസിലൻഡ് 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. റോസ് ടെയ്‌ലറുടെ സെഞ്ചുറി മികവിലാണ് ന്യൂസിലൻഡ് വിജയത്തിലെത്തിയത്. 84 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ നാലു സിക്‌സും 10 ഫോറും അടക്കം 109 റണ്‍സുമായി പുറത്താകാതെ നിന്നു. മികച്ച കൂട്ടുകെട്ടുകളാണ് ന്യൂസിലൻഡ് വിജയത്തിന് കരുത്തായത്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!