ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. ജോസ് വിഭാഗത്തിന് യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ജോസ് കെ മാണിയെ മുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്നും തീരുമാനമെടുത്തു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും ജോസ് പക്ഷം സഹകരിച്ചില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറ‌ഞ്ഞു. ലാഭ‌നഷ്ടമല്ല നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് വിഭാഗത്തിന് യു.ഡി.എഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല.

ധാര്‍മികമായ സഹകരണം ഉണ്ടായില്ല. പലതവണ സമവായ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്.

"ജോസ് പക്ഷം യു.ഡി.എഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യു.ഡി.എഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് പക്ഷം വാദിച്ചു. പല തലത്തില്‍ ചര്‍ച്ച നടത്തി. ആവശ്യത്തിലേറെ സമയം നല്‍കി. മറ്റന്നാള്‍ നടക്കുന്ന യോഗത്തില്‍ ജോസ് പക്ഷത്തെ ക്ഷണിക്കില്ലെന്നും" ബെന്നി ബഹനാന്‍ പറഞ്ഞു.

കോട്ടയം ജില്ലാപഞ്ചായത്ത് പദവി തര്‍ക്കത്തില്‍ ഇന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെ ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ചിരുന്നു. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച്‌ ധാരണയാകാതെ പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കില്ലെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ നിലപാട്. പ്രശ്നപരിഹാരത്തിനായി ജോസ് വിഭാഗം മുന്നോട്ടുവെച്ച നാല് നിര്‍ദേശങ്ങളും ജോസഫ് വിഭാഗം നിഷ്ക്കരുണം തള്ളി. ഇന്ന് അവസാന നിമിഷവും കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ മാണിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതേസമയം വൈകുന്നേരം നാല് മണിക്ക് ജോസ് കെ മാണി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.