ക്വാറന്റീന്‍ ലംഘിച്ച്‌ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് എന്തിന്? ഇന്ദിര ബാങ്കിലെത്തിയത് മകന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെ; കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയതിനു ശേഷവും ബാങ്കില്‍ എത്തിയതു കൊണ്ട് ബാങ്കിലെ മൂന്ന് ജീവനക്കാരും ക്വാറന്റീനില്‍ പോകേണ്ടി വന്നു; ലോക്കര്‍ ഇടപാടിന് ശേഷം ഒരു പവന്‍ മാലയുടെ തൂക്കം നോക്കിച്ചു

കോഴിക്കോട്: വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റീന്‍ ലംഘിച്ചു കേരളാ ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി അടിയന്തര ലോക്കര്‍ ഇടപാട് നടത്തിയത് വിവാദത്തിലാകുന്നു. പി കെ ഇന്ദിര ക്വാറന്റീന്‍ ലംഘനം നടത്തിയത് ഇവരുടെ മകന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണെന്ന് മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്തു.

ഇതേ ശാഖയില്‍ സീനിയര്‍ മാനേജരായി വിരമിച്ച ആളാണ് ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയതിനു ശേഷം ക്വാറന്റീനില്‍ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവര്‍ ബാങ്കിലെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണം. ബാങ്കില്‍ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേര്‍ ക്വാറന്റീനില്‍ പോകേണ്ടിവരികയും ചെയ്തു.വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കര്‍ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവന്‍ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന് ബാങ്ക് ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയെന്നുമാണ് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഗോള്‍ഡ് അപ്രൈസര്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നത്. സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് ചില ഇടപാടുകളും നടത്തി. സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്ന ജീവനക്കാരനും ലോക്കര്‍ തുറക്കാന്‍ ഒപ്പം ചെന്ന മാനേജരും ക്വാറന്റീനില്‍ പോകേണ്ടി വന്നു.

ക്വാറന്റീന്‍ ലംഘിച്ച്‌ ഇന്ദിര വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവിയിലുണ്ട്. ലോക്കര്‍ രജിസ്റ്ററില്‍ ഒപ്പുവച്ചിട്ടുമുണ്ട്. ലോക്കറില്‍ നിന്ന് എന്താണ് എടുക്കുന്നതെന്നു ബാങ്കില്‍ വെളിപ്പെടുത്തേണ്ടതില്ല. പൊലീസ് കേസെടുക്കാവുന്ന കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തി അടിയന്തരമായി ലോക്കര്‍ തുറക്കേണ്ടി വന്ന സാഹചര്യം സംബന്ധിച്ചാണ് സംശയം ഉയരുന്നത്.

ബാങ്കിലെ 4 ലോക്കറുകളുടെ താക്കോല്‍ ഏറെക്കാലമായി കാണാതായതു സംബന്ധിച്ചും ദുരൂഹതയുണ്ടന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു. ആര്‍ക്കും കൈമാറാത്ത ലോക്കറുകളുടെ താക്കോല്‍ നഷ്ടപ്പെട്ടതായി മുന്‍പ് ജില്ലാ ബാങ്ക് മാനേജര്‍, ജനറല്‍ മാനേജര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. താക്കോല്‍ കാണാതായാല്‍ നിയമപരമായി ലോക്കര്‍ ബ്രേക്ക്‌ഓപ്പണ്‍ ചെയ്തു പുതിയ താക്കോല്‍ നിര്‍മ്മിക്കണമെന്നാണു നിയമം. എന്നാല്‍ ഇതുവരെ ബാങ്ക് അധികൃതര്‍ നടപടിയെടുത്തിട്ടില്ല.

അതേസമയം സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ രംഗത്തുവന്നിട്ടുണ്ട്. നിരീക്ഷണത്തില്‍ ഇരിക്കെ ഇ പി ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കറില്‍ നിന്ന് എടുത്തു മാറ്റിയത് എന്താണെന്ന് വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതി വഴി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് യൂണിടെകിന് നിര്‍മ്മാണ കരാര്‍ കിട്ടാന്‍ 4 കോടിയോളം രൂപ കമ്മീഷന്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടിന് ചുക്കാന്‍ പിടിച്ചത് മന്ത്രി പുത്രനാണെന്ന സൂചനയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. മന്ത്രി പുത്രന്‍ ഇ പി ജയരാജന്റെ മകന്‍ ജയ്‌സണ്‍ ആണെന്ന് ആദ്യം ആരോപിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു.

ഓരോ മണിക്കൂറിലും ഈ സര്‍ക്കാരിന്റെ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ഷാഫി സര്‍ക്കാര്‍ പിരിച്ച്‌ വിടണമെന്നും കൊള്ളക്കാരുടെ ഭരണം അവസാനിക്കാന്‍ സമയമായെന്നും പറഞ്ഞു. പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കാനല്ല സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാന്‍ കിട്ടുമോ എന്ന അന്വേഷണമായിരുന്നുവെന്ന് യുവ കോണ്‍ഗ്രസ് നേതാവ് ആക്ഷേപിച്ചു. പാര്‍ട്ടിക്ക് സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്ബനിയും തുടങ്ങുന്നത് നന്നായിരിക്കുമെന്ന് പരിഹസിച്ച ഷാഫി പറമ്ബില്‍ മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് അവകാശപ്പെട്ടു. പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കൊള്ള സംഘങ്ങളുടെ അവൈലബിള്‍ പോളിറ്റ് ബ്യുറോ ആണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്, പതിവ് പോലെ മടിയില്‍ കനമില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഷാഫി പ്രസംഗത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്‌എക്‌സ് സൊല്യൂഷന്‍സുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകന്‍ ചെയര്‍മാനായ ആയുര്‍വേദ റിസോര്‍ട്ടില്‍ യുഎഎഫ്‌എക്‌സ് ഡയറക്ടര്‍ക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോണ്‍ഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നല്‍കിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്‌എക്സ് സൊല്യൂഷന്‍സ് ഡയറക്ടര്‍മാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാന്‍ യുഎഎഫ്‌എക്‌സ് സൊല്യൂഷന്‍സ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയിലാണ് യുഎഎഫ്‌എക്സിനെ കുറിച്ച്‌ പ്രതിപാദിക്കുന്നത്. തന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്‌എക്സ് ഉള്‍പ്പെടെയുള്ള കമ്ബനികള്‍ യുഎ ഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപാടില്‍ ലഭിച്ച കമ്മീഷന്‍ എന്നായിരുന്നു മൊഴി. ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്‌എക്‌സ് സൊല്യൂഷന്‍ ഡയറക്ടര്‍ സുജാതന്റെ ഉടമസ്ഥതയിലുള്ള മാര്‍ബിള്‍ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തില്‍ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളില്‍ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കള്‍ക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാര്‍ത്ത കൊടുത്തിരുന്നു.

സുജാതന്‍ ഡയറക്ടറായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സണ്‍ ആണെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാര്‍ട്ടി ശക്തികേന്ദ്രമായ ആന്തൂര്‍ മുനിസിപ്പാലിറ്റിയാലണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനത്തിന്റെ നിര്‍മ്മാണം പരിസ്ഥിതിക്ക് ദോഷം വരുന്ന നിലയില്‍ കുന്നിടിച്ചായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!