'തുര്‍ക്കി ആദ്യം സ്വയം നന്നാവുക, എന്നിട്ട് മതി ഉപദേശം! പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്ന നാണം കെട്ട രാജ്യം'; യു എന്നില്‍ ആഞ്ഞടിച്ച്‌ ഇന്ത്യ

ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ തുര്‍ക്കിക്കും പാകിസ്ഥാനുമെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ കൈ കടത്തരുതെന്ന് ഇരു രാജ്യങ്ങള്‍ക്കും ഇന്ത്യ ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി.

ജമ്മു കശ്മീര്‍ വിഷയത്തിലെ തുര്‍ക്കിയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കാണ് ഇന്ത്യ ആദ്യം മറുപടി പറഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ നോക്കാന്‍ ഇന്ത്യക്ക് നന്നായി അറിയാം. അവിടെ തുര്‍ക്കിയുടെ ഉപദേശം ആവശ്യമില്ല. ജനാധിപത്യം എന്താണെന്നും അത്തരം ആശയങ്ങളുടെ അര്‍ത്ഥം എന്താണെന്നും തുര്‍ക്കി ആദ്യം പഠിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

പാകിസ്ഥാനെതിരെയും ഇന്ത്യ ശക്തമായ പ്രതികരണമാണ് നടത്തിയത്. സ്വയം സൃഷ്ടിക്കുന്ന അനര്‍ത്ഥങ്ങള്‍ക്ക് ഇന്ത്യയെ പഴിക്കുന്നത് പാകിസ്ഥാന്റെ സ്ഥിരം പരിപാടിയാണ്. ഭാഷാ ന്യൂനപക്ഷങ്ങളെയും മത ന്യൂനപക്ഷങ്ങളെയും നരകിക്കാന്‍ വിട്ടിട്ടാണ് പാകിസ്ഥാന്‍ മനുഷ്യാവകാശങ്ങളെ കുറിച്ച്‌ സംസാരിക്കുന്നത്. ആഗോള തീവ്രവാദത്തിന്റെ വിളനിലമാണ് പാകിസ്ഥാന്‍. ഐക്യരാഷ്ട്ര സഭ ഭീകരന്മാരായി പ്രഖ്യാപിച്ചവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഇല്ല. കശ്മീരില്‍ ഭീകരവാദം പരിപോഷിപ്പിക്കുന്ന മതനേതാക്കള്‍ക്ക് അനുമോദനം ചൊരിയുന്ന ഒരു പ്രധാനമന്ത്രിയാണ് അവര്‍ക്കുള്ളതെന്നും ഇന്ത്യന്‍ പ്രതിനിധി പവന്‍ ബാധെ പരിഹസിച്ചു.

പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും ഖൈബര്‍ പഷ്തൂണിലും പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ യു എന്നില്‍ ചൂണ്ടിക്കാട്ടി. മേഖലകളിലെ സ്വതന്ത്ര ശബ്ദങ്ങളെ പാകിസ്ഥാന്‍ അടിച്ചമര്‍ത്തുകയാണ്. ജമ്മു കശ്മീരിലും ലഡാക്കിലും പാകിസ്ഥാന്‍ അശാന്തി വിതയ്ക്കാന്‍ ശ്രമിക്കുകയാണ്.

പാകിസ്ഥാനില്‍ ഹിന്ദു, ക്രിസ്ത്യന്‍, സിഖ് പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. തട്ടിക്കൊണ്ട് പോകലുകളും നിര്‍ബ്ബന്ധിത മത പരിവര്‍ത്തനങ്ങളും ശൈശവ വിവാഹങ്ങളും അവിടെ ആഘോഷിക്കപ്പെടുകയാണ്. സിന്ധിലും സ്ഥിതി ദയനീയമാണ്. ദിനം പ്രതി കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന നിസ്സഹായരുടെ രോദനങ്ങളാണ് അവിടെ ഉയരുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

മാദ്ധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സ്വതന്ത്ര ചിന്തകന്മാരും ചോദിക്കാനും പറയാനും ആരുമില്ലാതെ കൊല്ലപ്പെടുന്ന പാകിസ്ഥാന് വേണ്ടി വാദിക്കുന്നത്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്ക് ഭൂഷണമല്ലെനും ഓ ഐ സിയോട് ഐക്യരാഷ്ട മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യ വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!