പ്രതിപക്ഷ നേതാവ് നടത്തിയ മുഴുവന്‍ ആരോപണങ്ങളും പിന്‍വലിക്കണം; രമേശ് ചെന്നിത്തലയ്‌ക്കെതിരേ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയുടെ വക്കീല്‍ നോട്ടീസ്. സമൂഹമധ്യത്തില്‍ മനഃപൂര്‍വം അപമാനിക്കാനും അവഹേളിക്കാനും ലക്ഷ്യമിട്ട് കെട്ടിച്ചമച്ചതും പച്ചക്കള്ളവുമായ ആരോപണങ്ങള്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ചുവെന്നു കാട്ടിയാണ് നോട്ടീസ്.

പ്രതിപക്ഷ നേതാവ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പിന്‍വലിക്കണം. നോട്ടീസ് കിട്ടി രണ്ടുദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ തിരുത്തണം. അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രിമിനല്‍, സിവില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇന്ദിര അയച്ച നോട്ടീസില്‍ പറയുന്നു.

മകനെക്കുറിച്ചുള്ള വാര്‍ത്ത വന്നതിനു പിന്നാലെ ബാങ്കില്‍ പോയി ലോക്കര്‍ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റി എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് കള്ളമാണ്. ബാങ്കില്‍ പോകുന്ന അവസരത്തില്‍ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം താന്‍ ക്വാറന്റീനില്‍ പോകേണ്ടതായിരുന്നു എന്ന ചെന്നിത്തലയുടെ വാദം ശരിയല്ല. അങ്ങനെ കോവിഡ് പ്രോട്ടോകോളില്‍ പറയുന്നില്ലെന്നും പി.കെ. ഇന്ദിര നോട്ടീസില്‍ പറഞ്ഞു.

സ്ത്രീയെന്ന പരിഗണനപോലും നല്‍കാത്ത തരത്തില്‍ ഹീനമായ പരിഹാസവും പരാമര്‍ശങ്ങളുമാണ് പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായത്. മകനെതിരായ ആരോപണങ്ങള്‍ക്കെതിരേ മകന്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!