തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ ഒരു വര്‍ഷത്തിന് ശേഷം രാജ്കോട്ട് പൊലീസ് രക്ഷപ്പെടുത്തി

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ ഒരു വര്‍ഷത്തിന് ശേഷം പൊലീസ് രക്ഷപ്പെടുത്തി. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് ദേവ് ഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ പട്ടണത്തില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ട് സിറ്റി പൊലീസ് കമീഷണര്‍ മനോജ് അഗര്‍വാളാണ് കുട്ടിയെ രക്ഷപ്പെടുത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

2019 മെയ് 22നാണ് രാജ്കോട്ടിലെ ശാസ്ത്രി മൈതാനത്തെ നടപ്പാതയില്‍ നിന്ന് മധ്യപ്രദേശ് ജാഭുവയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളായ ജാംസിങ്ങും മമത ഭൂരിയയും ഉറങ്ങികിടക്കുമ്ബോഴാണ് ഒരു വയസുകാരന്‍ ജിഗോ ഭൂരിയയെ കാണാതായത്.

കുഞ്ഞിന്‍റെ മാതാവ് പ്രധ്യുമാന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്കോട്ട് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദ്വാരക പട്ടണത്തിലെ ഫുല്‍വാദി ചാബില്‍ ചൗക്കില്‍ താമസിക്കുന്ന സലിം ശുഭാനിയ-ഫരീദ ദമ്ബതികള്‍ക്കാണ് ഫാത്തിമ എന്ന സിമ കാദരി രണ്ട് ലക്ഷം രൂപ വാങ്ങി കുഞ്ഞിനെ കൈമാറിയത്.

ജാം നഗര്‍ ഖോഡിയാര്‍ കോളനിയില്‍ താമസിക്കുന്ന ഫാത്തിമ നാലു തവണ വിവാഹം കഴിച്ചതാണ്. ഇതിലൊന്ന് 2012ല്‍ ഖംഭാലയില്‍ നിന്നുള്ള നഥാലാല്‍ സമയ്യയുമായാണ്. എന്നാല്‍, 2016ല്‍ ഇരുവരും വിവാഹമോചിതരായി. 2019ല്‍ സമയ്യ തന്‍റെ വസ്തു രണ്ടു കോടി രൂപക്ക് വില്‍പ്പന നടത്തി. സമയ്യക്ക് ലഭിച്ച രണ്ടു കോടിയില്‍ നിന്ന് ഒരു ഭാഗം ലഭിക്കുന്നതിനായി ഫാത്തിമ തന്ത്രങ്ങള്‍ മെനഞ്ഞു.

സമയ്യയുമായി ബന്ധത്തില്‍ തനിക്ക് ഒരു മകനുണ്ടെന്നാണ് പണം തട്ടിപ്പിനായി ഫാത്തിമ പറഞ്ഞത്. ഇതിനായി കുഞ്ഞിനെ കണ്ടെത്താനായി ജാം നഗര്‍ കോളനി, ബസ് സ്റ്റാന്‍ഡ്, ശാസ്ത്രി മൈതാനം, സാന്ധിയ പോള്‍ എന്നിവിടങ്ങളില്‍ കറങ്ങി നടന്നു. അവസാനം ഒരു വയസുള്ള ആണ്‍ കുഞ്ഞിനെ ഫാത്തിമ കണ്ടെത്തിയതായും രാജ്കോട്ട് സിറ്റി പൊലീസ് കമീഷണര്‍ വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!