രണ്ടാമൂഴം സിനിമ ഉടന്‍ : എം.ടി.വാസുദേവന്‍ നായര്‍

കോഴിക്കോട്: രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി.വാസുദേവന്‍ നായര്‍. സിനിമ വൈകിപ്പോയതില്‍ ദു:ഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല സംവിധായകരും തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച്‌ എം ടി വാസുദേവന്‍ നായരും സംവിധായകന്‍ വി. എ ശ്രീകുമാറും തമ്മിലുളള തര്‍ക്കത്തില്‍ കോടതിക്ക് പുറത്ത് ഇരുകൂട്ടരും എത്തിച്ചേര്‍ന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സുപ്രീംകോടതി അംഗീകരിച്ചിരുന്നു.

'സ്‌ക്രിപ്റ്റ് തിരിച്ചു കിട്ടണം എന്നതായിരുന്നു എന്റെ ആവശ്യം. സ്‌ക്രിപ്റ്റ് ലഭിക്കുകയും, നല്‍കിയ അഡ്വാന്‍സ് തിരിച്ചുകൊടുക്കുകയും ചെയ്യുന്നതോടെ കേസ് തീരും. എനിക്ക് സംവിധാനം ചെയ്യാന്‍ കഴിയാത്തതിനാല്‍ അതിന് പറ്റിയ ആളുകളെ കണ്ടെത്തണം. ഇംഗ്‌ളീഷിലും മലയാളത്തിലുമുളള തിരക്കഥ കൈയിലുണ്ടെങ്കിലും ഏത് ഭാഷയില്‍ സിനിമയെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല'- എം ടി വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് ഇരുകൂട്ടരും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കിയത്. രണ്ടാമൂഴത്തിന്റെ തിരക്കഥ എം ടിക്ക് തിരിച്ചു നല്‍കും. തിരക്കഥയില്‍ പൂര്‍ണ അവകാശം എം ടിക്കായിരിക്കും. അഡ്വാന്‍സ് ആയി വി. എ ശ്രീകുമാറില്‍ നിന്ന് എം ടി വാങ്ങിയ ഒന്നേകാല്‍ കോടി തിരിച്ചുനല്‍കും. രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി വി എ ശ്രീകുമാര്‍ സിനിമ ചെയ്യാന്‍ പാടില്ല. എന്നാല്‍ മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാം. പക്ഷേ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുത് എന്നിവയായിരുന്നു ഒത്തുതീര്‍പ്പുവ്യവസ്ഥയിലെ പ്രധാന വ്യവസ്ഥകള്‍.

മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത് എന്നാല്‍ കരാര്‍ പ്രകാരമുളള കാലാവധി കഴിഞ്ഞിട്ടും സിനിമയുടെചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിലാണ് എം ടി കോടതിയെ സമീപിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!