കേരളത്തിലെ 88.42 ലക്ഷം കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി; സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാലുമാസം മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റുകള്‍ ലഭിക്കും

കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാലുമാസം മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നായിരുന്നു ഒരു വാഗ്ദാനം. കിറ്റ് വിതരണത്തിന് ഇന്ന് തുടക്കും കുറിച്ചു. 88.42 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക.

കൊവിഡ് പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന ഉറച്ച തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിന്റെ ഭാഗമായി നേരത്തെ എടുത്ത നടപടികളുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും ഇതുപോലെ സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനും ഓണം എല്ലാവര്‍ക്കും ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് അന്ന് 88 ലക്ഷത്തോളം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഒരു ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ക്കും ഒന്നര ലക്ഷത്തോളം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് നല്‍കിയത്.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കുടുംബങ്ങള്‍ക്കും നാലു മാസത്തേക്ക് കൂടി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നത്. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടെ എട്ടിനം അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുന്നതാണ് സപ്ലൈകോ തയാറാക്കുന്ന ഈ ഭക്ഷ്യകിറ്റ്.

ഇതിനൊപ്പം അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയില്‍ സപ്ലൈകോ, കണ്‍സ്യുമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നീ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. റേഷന്‍ കടകളിലൂടെ പതിവുപോലെ സൗജന്യ നിരക്കിലുള്ള റേഷനും നല്‍കിവരുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് 86 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് സൗജന്യമായി ലഭ്യമാക്കുന്നതിന് സംസ്ഥാന ഖജനാവില്‍ നിന്ന് 1,000 കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം വാഗ്ദാനം ചെയ്ത ധാന്യത്തിനു പുറമെയാണിത്.

പൊതുവിതരണ രംഗത്ത് നാലുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടമാണ് ഉണ്ടാക്കിയത്. ഈ രംഗത്ത് വാഗ്ദാനം ചെയ്ത മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കി. മാത്രമല്ല, പ്രകടനപത്രികയില്‍ പറയാത്ത പുതിയ പല ജനകീയ പദ്ധതികള്‍ക്കും തുടക്കം കുറിക്കാനും കഴിഞ്ഞു. മുന്‍കാലത്തെ അപേക്ഷിച്ച്‌ റേഷന്‍-പൊതുവിതരണരംഗം പാടേ മാറിയിരിക്കുകയാണ്. അഴിമതി അവസാനിപ്പിച്ചു. എല്ലാം സുതാര്യമായി നടക്കുന്നു. ജനങ്ങള്‍ക്ക് പരാതിയില്ല.

ജനങ്ങളെ സംബന്ധിച്ച്‌ ഏറ്റവും പ്രധാന മാറ്റം ഗുണമേന്മയുള്ള അരിയും മറ്റ് ഭക്ഷ്യസാധനങ്ങളുമാണ് റേഷന്‍ കടകളിലൂടെ ലഭിക്കുന്നത് എന്നതാണ്. മുന്‍കാലത്ത് റേഷന്‍ കടകളില്‍ നിന്ന് അകന്നുപോയ ജനങ്ങള്‍ ഇതോടെ റേഷന്‍ കടകളിലേക്ക് തിരിച്ചെത്തി. പാവപ്പെട്ടവര്‍ മാത്രമല്ല, ഇടത്തരക്കാരും ഉയര്‍ന്ന വരുമാനമുള്ള ഇടത്തരക്കാരും ഇപ്പോള്‍ കൃത്യമായി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നുണ്ട്.

റേഷന്‍ വാങ്ങുന്നവരുടെ ശതമാനം ഇപ്പോള്‍ 92 ആണ്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട റേഷന്‍ കടയില്‍പോയി സാധനം വാങ്ങാനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!