ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവര്‍ക്ക് സമ്മാനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; അക്കൗണ്ടില്‍ പണമെത്തും !

ഡല്‍ഹി; കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവര്‍ക്ക് സമ്മാനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. മൊറട്ടോറിയം കാലത്ത് മുടങ്ങാതെ ബാങ്ക് വായ്പ തിരിച്ചടച്ചവര്‍ക്കാണ് നിശ്ചിത തുക നല്‍കുക. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആ തുകയാണ് ഇടപാടുകാര്‍ക്ക് നല്‍കുക.

ഭവന നിര്‍മാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാര്‍ഡ്, വാഹനം, എഎസ്‌എംഇ, വിട്ടുപകരണങ്ങള്‍ തുടങ്ങിയ 8 വിഭാ​ഗങ്ങളില്‍ വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. രണ്ട് കോടി രൂപ വരെ വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കഴിഞ്ഞ മാര്‍ച്ച്‌ ഒന്നു മുതല്‍ ഓ​ഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് പദ്ധതി ബാധകം.

50 ലക്ഷം രൂപയുടെ ഭവനവായ്പ 8 ശതമാനം പലിശ നിരക്കിലെടുത്ത ആള്‍ക്ക് 12,425 രൂപയാവും ലഭിക്കുക. വായ്പയെടുത്ത ആളുടെ അക്കൗണ്ടിലേക്കാണ് പണം എത്തുക. ബാങ്ക് വായ്പ എടുത്തവര്‍ കോവിഡ് കാരണം പ്രതിസന്ധിയിലായെന്നും പലിശയിളവ് ഉള്‍പ്പടെയുള്ള ആശ്വാസ നടപടികള്‍ ഉടന്‍ പരി​ഗണിക്കണം എന്നുമുള്ള സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി.

വായ്പ തിരിച്ചടയ്ക്കാതെ ഒരുവിഭാ​ഗം മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതുപോലെ മറ്റുള്ളവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വായ്പയെടുത്തവര്‍ക്ക് ഇത്തരത്തില്‍ നല്‍കുന്ന തുക കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മടക്കി നല്‍കും. ഏകദേശം 6500 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിക്കേണ്ടിവരിക.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുക മടക്കിക്കിട്ടാന്‍ നോഡല്‍ ഏജന്‍സിയായ എസ്ബിഐ വഴിയാണ് ബാങ്കുകള്‍ അപേക്ഷ നല്‍കേണ്ടത്. ഡിസംബര്‍ 15 വരെയാണ് ബാങ്കുകള്‍ക്ക് അപേക്ഷിക്കാന്‍ സമയം നല്‍കുക.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!