തലസ്ഥാനത്ത് സി പി എമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാവുക ടി എന്‍ സീമ, ഭരണം പിടിച്ചേ അടങ്ങൂവെന്ന വാശിയില്‍ ബി ജെ പിയുടെ നീക്കം ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുന്നണികളില്‍ ചര്‍ച്ചകള്‍ സജീവം. ഭൂരിഭാഗം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളുടെ സാദ്ധ്യത ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു. പലതും ജില്ലാഘടകങ്ങളുടെ മുന്നിലാണ്. ഭൂരിപക്ഷം നേടിയാല്‍ മേയറാകാന്‍ പ്രാപ്തിയുള്ളവരെ കണ്ടെത്തി ഉറപ്പുള്ള സീറ്രുകളിലേക്ക് നിയോഗിക്കുന്ന അണിയറ നീക്കങ്ങളും പുരോഗമിക്കുകയാണ്. മേയര്‍ സ്ഥാനം വനിതാസംവരണമായതിനാല്‍ ആലോചനകളും പുനരാലോചനകളും തകൃതിയായി നടക്കുന്നു. ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെ സി.പി.എമ്മാണ് ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍. പലപേരുകളും മേയര്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റി അംഗം ടി.എന്‍. സീമയുടെ പേരിനാണ് നിലവില്‍ മുന്‍തൂക്കം.

ഹരിതകേരളം മിഷന്‍ ചെയര്‍പേഴ്സണാണ് ടി.എന്‍. സീമ. രാജ്യസഭാ അംഗമെന്ന നിലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച പരിചയം സീമയ്ക്ക് തുണയാണ്. സീമ താമസിക്കുന്ന മുട്ടത്തറ വാര്‍ഡ് ഇക്കുറി ജനറല്‍ വാര്‍ഡാണ്. സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള മുട്ടത്തറയില്‍ നിന്ന് സീമയെ കോര്‍പറേഷനിലെത്തിക്കാനാണ് ആലോചന. സുരക്ഷിതമായ മറ്റുവാര്‍ഡുകളും പരിഗണനയിലുണ്ട്. നിലവില്‍ കോര്‍പറേഷനില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായ പുഷ്പലതയും മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം എം.ജി. മീനാംബികയും സാദ്ധ്യതാ പട്ടികയിലുണ്ട്. മേയര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ബി.ജെ.പിയില്‍ സജീവചര്‍ച്ചകള്‍ ഉയര്‍ന്നിട്ടില്ല. ഇക്കാര്യത്തില്‍ ഇരുകൂട്ടരുടെയും നീക്കം മനസിലാക്കി ചുവടുവയ്ക്കാമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.

സ്ഥാനാര്‍ത്ഥികളാകാന്‍ തിരക്ക്

അധികാരത്തിലുള്ള ഇടതുമുന്നണി സ്ഥാനര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ചര്‍ച്ചകള്‍ പൂര്‍ത്തിയായി, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കും. ബി.ജെ.പി മണ്ഡലാടിസ്ഥാനത്തില്‍ ലിസ്റ്റുകള്‍ ജില്ലാകമ്മിറ്റിയിലേക്ക് നല്‍കി തുടങ്ങി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ബി.ജെ.പി നിലപാട്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. യു.ഡി.എഫിലെ ചര്‍ച്ചകള്‍ ഇന്നു മുതല്‍ സജീവമാകും. യു.ഡി.എഫ് ചെയര്‍മാന്‍, കണ്‍വീനര്‍, ഡി.സി.സി പ്രസിഡന്റ് എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് പ്രാഥമിക യോഗം ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കഴിഞ്ഞ തവണയുണ്ടായ പാളിച്ച പാഠമാക്കി ശ്രദ്ധയോടെ നീങ്ങാനാണ് യു.ഡി.എഫ് ശ്രമം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!