'കോവിഷീല്‍ഡ്' സുരക്ഷിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

പൂനെ : 'കോവിഷീല്‍ഡ്' സുരക്ഷിതമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ 'കോവിഷീല്‍ഡ്' സുരക്ഷിതമാണെന്നും വാക്സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഡോസ് സ്വീകരിച്ച ചെന്നൈയിലുള്ള സന്നദ്ധ പ്രവര്‍ത്തകന് പാര്‍ശ്വഫലങ്ങള്‍ വന്നത് വാക്സിന്‍ തകരാര്‍ കാരണം അല്ലെന്നും സെറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും ഡാറ്റയും തങ്ങള്‍ വിഷയം അന്വേഷിക്കുന്ന ഡിസിജിഐക്ക് സമര്‍പ്പിച്ചതായും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് പരീക്ഷണങ്ങള്‍ തങ്ങള്‍ തുടര്‍ന്നതെന്നും കമ്ബനി ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് വാക്സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കെടുത്ത ചെന്നൈയിലുള്ള ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ വാക്സിന്‍ കുത്തിവച്ചതിന് പിന്നാലെ തനിക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വന്നതായി ആരോപിച്ച്‌ രംഗത്തെത്തിയിരുന്നു. എസ്‌ഐഐ, അസ്ട്രാസെനെക തുടങ്ങിയവര്‍ക്കെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസും ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് വാക്സിനെ കുറിച്ച്‌ സംശയങ്ങള്‍ ഉയര്‍ന്നത്. പരാതി ഇപ്പോള്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലും എത്തിക്സ് കമ്മിറ്റിയും അന്വേഷിക്കുകയാണ്.

'കോവിഷീല്‍ഡ് വാക്സിന്‍ സുരക്ഷിതവും രോഗ പ്രതിരോധ ശേഷിയുള്ളതുമാണ്. ചെന്നൈയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകന് പാര്‍ശ്വഫലങ്ങള്‍ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നിര്‍ഭാഗ്യകരമാണ്. എന്നാല്‍ സംഭവം ഒരു തരത്തിലും വാക്സിന്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായതല്ല. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സന്നദ്ധപ്രവര്‍ത്തകരുടെ ആരോഗ്യ സ്ഥിതിയോട് അനുഭാവം പുലര്‍ത്തുന്നു. ആവശ്യമായ എല്ലാ നിയന്ത്രണ, ധാര്‍മ്മിക പ്രക്രിയകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ജാഗ്രതയോടെയും കര്‍ശനമായും പാലിച്ചുവെന്ന് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡിഎസ്‌എംബി, എത്തിക്സ് കമ്മിറ്റി എന്നിവര്‍ സ്വതന്ത്രമായി പരിശോധിച്ച്‌ വാക്സിന്‍ നല്‍കിയതിനാലല്ല സന്നദ്ധ പ്രവര്‍ത്തകന് പാര്‍ശ്വ ഫലങ്ങള്‍ കണ്ടതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷിതവും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണെന്നും തെളിയിക്കപ്പെടുന്നില്ലെങ്കില്‍ വാക്സിന്‍ പൊതു ഉപയോഗത്തിനായി പുറത്തിറക്കില്ലെന്ന് എല്ലാവര്‍ക്കും ഉറപ്പു നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'- കമ്ബനി പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!