ഒട്ടുമിക്ക കാറുകള്‍ക്കും ജനുവരി ഒന്നുമുതല്‍ വില കൂടും

കൊച്ചി: പുതുവര്‍ഷത്തില്‍ പുത്തന്‍ കാര്‍ എന്ന സ്വപ്‌നം കാണുന്നവര്‍‌ക്ക് ഇക്കുറി കാര്യങ്ങള്‍ അല്പം കഠിനമായിരിക്കും. ഉത്‌പാദനച്ചെലവ് കൂടിയത് ചൂണ്ടിക്കാട്ടി ഒട്ടുമിക്ക വാഹന നിര്‍മ്മാതാക്കളും ജനുവരി ഒന്നുമുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

വര്‍ഷാന്ത്യത്തിലോ പുതുവര്‍ഷത്തിന്റെ തുടക്കത്തിലോ വാഹനങ്ങള്‍ക്ക് വില കൂട്ടുകയെന്നത് 2005 മുതല്‍ കാണുന്നതാണ്. അസംസ്കൃത വസ്‌തുക്കളുടെ വില വര്‍ദ്ധന, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതിച്ചെലവിലുണ്ടായ അധിക ബാദ്ധ്യത ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് വാഹന നിര്‍മ്മാണക്കമ്ബനികള്‍ പുതിയ വില പ്രഖ്യാപിക്കുന്നത്. ബി.എസ്-6ലേക്കുള്ള ചുവടുമാറ്റവും ഉത്‌പാദനച്ചെലവ് ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് കമ്ബനികള്‍ പറയുന്നു.

മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോഡ് ഇന്ത്യ, ബി.എം.ഡബ്ള്യു, ഔഡി, കിയ, എം.ജി., ഇസുസു, ഹോണ്ട, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, റെനോ,​ നിസാന്‍ എന്നിവയാണ് ഇതിനകം വില വര്‍ദ്ധന പ്രഖ്യാപിച്ച കമ്ബനികള്‍.

വിലവര്‍ദ്ധന ആദ്യം പ്രഖ്യാപിച്ച കമ്ബനികളിലൊന്ന്, ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാണ്. മാരുതിയുടെ എല്ലാ മോഡലുകള്‍ക്കും പുതുവര്‍ഷം മുതല്‍ പുതിയ വിലയാണ്. എന്നാല്‍, എത്ര തുകയാണ് കൂട്ടുന്നതെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല. അതത് മോഡലുകള്‍ക്ക് അനുസരിച്ചുള്ള, ആനുപാതിക വില വര്‍ദ്ധന ഉണ്ടാകുമെന്ന് മാത്രമാണ് കമ്ബനി പറഞ്ഞത്.

രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാണ കമ്ബനിയായ ഹ്യുണ്ടായിയും എത്രവീതം വില ഉയരുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, എല്ലാ മോഡലുകള്‍ക്കും ജനുവരി മുതല്‍ വില കൂടും. ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങള്‍ക്ക് മാത്രമാണ് വില വര്‍ദ്ധിപ്പിക്കുന്നത്. വേരിയന്റ്, എന്‍ജിന്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഓരോ മോഡലിനും വില വര്‍ദ്ധന.

മഹീന്ദ്രയുടെ ട്രാക്‌ടര്‍, വാണിജ്യ വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍ (കാറുകള്‍) എന്നിവയ്ക്കെല്ലാം വില ഉയരും. മഹീന്ദ്രയും വില വര്‍ദ്ധനയുടെ ആഴം പിന്നീടേ വ്യക്തമാക്കൂ. കോംപാക്‌റ്റ് സെഡാനായ അമേസ് മുതല്‍ പ്രീമിയം എസ്.യു.വിയായ സി.ആര്‍-വി വരെയുള്ള ഹോണ്ടയുടെ ശ്രേണികള്‍ക്കും വില വര്‍ദ്ധനയുണ്ടാകും.

28,000 രൂപവരെ വര്‍ദ്ധനയാണ് റെനോ പ്രഖ്യാപിച്ചത്. ക്വിഡ്, ഡസ്‌റ്റര്‍, ട്രൈബര്‍ എന്നിവയാണ് റെനോയുടെ പ്രമുഖ മോഡലുകള്‍.

എം.ജിയുടെ മോഡലുകള്‍ക്ക് മൂന്നു ശതമാനം വരെയും ഇസുസു മോഡലുകള്‍ക്ക് 10,000 വരെയും വില ഉയരും. ആഡംബര ബ്രാന്‍ഡുകളായ ബി.എം.ഡബ്ള്യു, ഉപ കമ്ബനി മിനി എന്നിവയുടെ മോഡലുകള്‍ക്ക് രണ്ടു ശതമാനം വരെ വില കൂടും. ഔഡിയും വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫോഡ് നേരത്തേ തന്നെ എക്കോസ്‌പോര്‍ട്ടിന് 1,500 രൂപ ഉയര്‍ത്തിയിരുന്നു. കിയയുടെ സോണറ്റ്, സെല്‍റ്റോസ് എന്നിവയ്ക്ക് വില കൂടും. കാര്‍ണിവലിന്റെ വിലയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. ടൂവീലര്‍ ശ്രേണിയില്‍ ബജാജിന്റെ പള്‍സര്‍, പ്ളാറ്റിന എന്നിവയ്ക്ക് ഇപ്പോള്‍ത്തന്നെ പുതിയ വിലയാണ്; ഉപ ബ്രാന്‍ഡായ കെ.ടി.എമ്മിന്റെ മോഡലുകള്‍ക്കും വില ഉയരും. 1,500 രൂപവരെ വില വര്‍ദ്ധനയാണ് ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!