ജാഡ കാണിക്കുന്നത് കണ്ടില്ലേ? ഒന്നു കൊടുക്കട്ടെ; സഞ്ജുവിന്റെ മാസ് ഡയലോഗ്, പിന്നാലെ സിക്സ് - വീഡിയോ

കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റും ഇന്ത്യയില്‍ പുനഃരാരംഭിച്ചിരിക്കുകയാണ്. സയ്ദ് മുഷ്തഖ് അലി ട്രോഫിയില്‍ ഇന്നലെ നടന്ന കേരള - പുതുച്ചേരി മത്സരം മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ മടങ്ങി വരവുകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് പന്തെറിയുന്നത്. പുതുച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിന്റെ കുറ്റി തെറിപ്പിച്ച്‌ താരം മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തു. അതേസമയം കേരള നായകന്‍ കൂടിയായ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിനും മത്സരം സാക്ഷിയായി. താരത്തിന്റെ ബാറ്റിങ് മാത്രമല്ല ക്രീസിലെ സംസാരവും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സ്ട്രൈക്ക് എന്‍ഡില്‍ നിന്ന് താരത്തിന്റെ ഡയലോഗ്. " ഞാനൊന്നു കൊടുക്കട്ടെ, ജാഡ കാണിക്കുന്നത് കണ്ടില്ലേ." നോണ്‍ സ്ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന സച്ചിന്‍ ബേബിയോടായിരുന്നു സഞ്ജുവിന്റെ ചോദ്യം. തൊട്ടുപിന്നാലെ അടുത്ത പന്ത് സഞ്ജു ബൗണ്ടറിയും കടത്തി. സ്റ്റംമ്ബ് മൈക്കില്‍ താരത്തിന്റെ വാക്കുകള്‍ കൃത്യമായി പതിയുകയായിരുന്നു. ഇത് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

മത്സരത്തില്‍ കേരളം ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. പുതുച്ചേരി ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പത്ത് പന്ത് ബാക്കി നില്‍ക്കെയാണ് കേരളം മറികടന്നത്. 32 റണ്‍സുമായി കേരളത്തിന്റെ ടോപ്പ് സ്കോററായതും നായകന്‍ സഞ്ജു തന്നെ. 30 റണ്‍സ് നേടിയ മുഹമ്മദ് അസറൂദീനും നായകന് മികച്ച പിന്തുണ നല്‍കി.

സയദ് മുഷ്‌താഖ് അലി ട്രോഫി പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ കേരളത്തിനായി ശ്രീശാന്ത് വിക്കറ്റ് സ്വന്തമാക്കി. പുതുച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിനെ ശ്രീശാന്ത് ബൗള്‍ഡ് ആക്കുകയായിരുന്നു. ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. തന്റെ പതിവ് ശെെലിയിലുള്ള ആഹ്ളാദപ്രകടനം വിക്കറ്റ് നേടിയ ശേഷം ശ്രീശാന്ത് ആവര്‍ത്തിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!