ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കില്ല; 88ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നയാളെപ്പറ്റി താന്‍ എന്ത് പറയാനാണെന്ന് ശശി തരൂ‍‍ര്‍

തിരുവനന്തപുരം: ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം തന്നെ അതിശയിപ്പിച്ചെന്നും അദ്ദേഹത്തിന് ഇതുവരെ രാഷ്ട്രീയ പശ്ചാത്തലമോ അനുഭവമോ ഇല്ലാത്തതുകൊണ്ട് കേരള രാഷ്ടീയത്തില്‍ ചെലുത്താന്‍ കഴിയുന്ന പ്രഭാവം വളരെ ചെറുതായിരിക്കുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

അന്‍പത്തിമൂന്നാം വയസില്‍ രാഷ്ടീയത്തിലേക്ക് ഞാന്‍ കടന്ന്‌വന്നപ്പോള്‍ വളരെ താമസിച്ചു പോയതായാണ് കരുതിയത്, ഇതിന് യോഗ്യനാണോയെന്ന് ഭയപ്പെട്ടിരുന്നു. അങ്ങനെയുളളപ്പോള്‍ 88ാം വയസില്‍ രാഷ്ടീയത്തിലേക്ക് കടന്ന് വന്നയാളെപ്പറ്റി താന്‍ എന്ത് പറയാനാണെന്ന് തരൂര്‍ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

ചില സീറ്റുകളിലൊഴിച്ചാല്‍ ബി.ജെ.പി. കേരളത്തില്‍ ഒരു എതിരാളിയേ അല്ല. 2016 ലെ തിരഞ്ഞെടുപ്പില്‍ നേടിയ ഒരു സീറ്റ് എന്നതിനേക്കാള്‍ നില മെച്ചപ്പെടുത്തുക എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാണ്. ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കൊണ്ട് ബി.ജെ.പിയ്ക്ക് നേട്ടങ്ങളൊന്നുമുണ്ടാകില്ലെന്നും തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ. ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്ബത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി. അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!