ലിഫ്​റ്റ്​ തകര്‍ന്നുവീണു; മധ്യപ്രദേശില്‍ കമല്‍നാഥും മറ്റു കോണ്‍ഗ്രസ്​ നേതാക്കളും രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

ഇന്ദോര്‍: സ്വകാര്യ ആശുപത്രിയിലെ ലിഫ്​റ്റില്‍ കയറിയ മധ്യപ്രദേശ്​ മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മറ്റു കോണ്‍ഗ്രസ്​ നേതാക്കളും രക്ഷപ്പെട്ടത്​ തലനാരിഴക്ക്​. ഗ്രൗണ്ട്​ നിലയില്‍നിന്ന്​ മുകളിലേക്ക്​ പോകാനായി നേതാക്കള്‍ കൂട്ടമായി ലിഫ്​റ്റില്‍ കയറിയതോടെ പിടിവിട്ട്​ അത്​ താഴോട്ട്​ പതിക്കുകയായിര​ുന്നു. ആള്‍ കൂടുതലായതിനാലാകാം, അപകടമെന്നാണ്​ കരുതുന്നത്​. എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

'ഹനുമാന്‍ ദൈവം കാത്തുവെന്ന്​' പിന്നീട്​ കമല്‍നാഥ്​ ട്വിറ്ററില്‍ കുറിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ഇന്ദോറിലുണ്ടായിരുന്ന കമല്‍നാഥ്​ ചികിത്സയിലായിരുന്ന മുന്‍ മന്ത്രി രാമേശ്വര്‍ പ​ട്ടേലിനെ കാണാനാണ്​ മറ്റു നേതാക്കള്‍ക്കൊപ്പം വൈകുന്നേരം 6.15ഓടെ ഡി.എന്‍.എസ്​ ആശു​പത്രിയിലെത്തിയത്​. നേതാക്കളായി ജിത്തു പട്​വാരി, സജ്ജന്‍ സിങ്​ വര്‍മ, വിശാല്‍ പ​ട്ടേല്‍ തുടങ്ങിയവരുമുണ്ടായിരുന്നു. താഴത്തെ നിലയില്‍നിന്ന്​ മൂന്നാം നിലയിലേക്ക്​ പോകാനായാണ്​ ലിഫ്​റ്റില്‍ കയറിയത്​.

പക്ഷേ, ആള്‍ കൂടിയതോടെ മുകളിലേക്ക്​ പുറപ്പെടേണ്ട എലവേറ്റര്‍ കുത്തനെ താഴോട്ടുപതിച്ചു. 10 അടി താഴെ ബേസ്​മെന്‍റില്‍ ചെന്നാണ്​ അത്​ നിന്നത്​.

അടുത്തിടെ നിര്‍മിച്ച ആശുപത്രിയുടെ എലവേറ്റര്‍ തകര്‍ന്നത്​ ഞെട്ടലുണ്ടാക്കുന്നതായി മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍ പറഞ്ഞു. സംഭവത്തില്‍ സംസ്​ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ട നേതാക്കള്‍ പിന്നീട്​ മുന്‍ ​മന്ത്രിയെ നടന്നുകയറി കണ്ടാണ്​ മടങ്ങിയത്​.

ലിഫ്​റ്റ്​ തകര്‍ന്നില്ലെന്നും അധിക ഭാരത്താല്‍ അല്‍പം താഴോട്ട​ുപോകുക മാത്രമാണ്​ ചെയ്​തതെന്നുമാണ്​ ആശുപത്രി അധികൃതരുടെ നിലപാട്​.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!