കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചെന്ന പരാതി വ്യാജം; ഡിജിപി കോടതിയില്‍

കൊച്ചി: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതി വ്യാജമായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു. കളത്തൂപ്പുഴയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ നല്‍കിയ പരാതിയാണ് കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ വ്യാജമെന്ന് തെളിഞ്ഞത്.

പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും ബന്ധുക്കളുടെ പ്രേരണയാലും അപ്പോഴത്തെ മാനസികനിലകൊണ്ടുമാണ് പരാതി നല്‍കിയതെന്നും യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. തുടര്‍ന്നാണ്, എഴ് ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരുന്ന ആരോഗ്യ പ്രവര്‍ത്തര്‍ക്കാകെ കളങ്കം ചാര്‍ത്തിയ സംഭവമായിരുന്നു യുവതിയുടെ പരാതിയെന്നും പത്രമാധ്യമങ്ങള്‍ ആ വാര്‍ത്തക്ക് അത്രമേല്‍ പ്രാധാന്യം നല്‍കിയെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. അതിനാല്‍ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനും മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

77 ദിവസം പ്രതി ജയിലില്‍ കിടന്നുവെന്നും ഇത് അന്യായ തടങ്കലായി കണക്കാക്കേണ്ടി വരുമെന്നും കോടതി വിലയിരുത്തി. പ്രതിയുടെ പ്രവൃത്തി സാന്മാര്‍ഗികമല്ലെങ്കിലും നിയമവിരുദ്ധമല്ലന്ന് കോടതി പറഞ്ഞു. രാവും പകലുമില്ലാതെ കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തിയ സംഭവത്തിന് ഒരളവുവരെ പരിഹാരം ലഭിക്കാനാണ് പൊലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അതിക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു എഫ്‌ഐആര്‍. കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ യുവതിയെ ക്രൂരമായി മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ ഉണ്ടായിരുന്നു. രാത്രി മുഴുവന്‍ മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!