ഹയര്‍ സെക്കന്‍ഡറി പ്രവേശനം: ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

ഹരിപ്പാട്: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ സ്വീകരിക്കും.

കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന പ്രോെസ്​പക്ടസ് തന്നെയാണ് ഇത്തവണയും ബാധകമാക്കുക. മുഖ്യ അലോട്ട്‌മെന്റുകള്‍ രണ്ടെണ്ണം മാത്രമായിരിക്കും. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13-ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം.

ഹൈക്കോടതി, ബാലാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവയുടെ വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളില്‍ ഭേദഗതി വരുത്താന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ്് സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും തീരുമാനമുണ്ടായില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി സീറ്റുകളിലും ഏകജാലകം ബാധകമാക്കുന്നതായിരുന്നു പ്രധാന ഭേദഗതി. പത്താംക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍ പ്രവേശത്തിന് മുന്‍ഗണന കിട്ടുന്നത് ഒഴിവാക്കാനുളള നിര്‍ദേശവുമുണ്ടായിരുന്നു.

കേന്ദ്ര സിലബസുകളില്‍ പത്താംക്ലാസ് പരീക്ഷാഫലം എന്നു വരുമെന്ന് വ്യക്തമല്ല. അതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കോടതികളിലെത്താന്‍ സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍, അവസാനതീയതി നീട്ടേണ്ടിവരും.

അപേക്ഷ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാന ഐ.ടി. മിഷന്റെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വലിയ ശേഷിയുള്ള നാല് ക്ലൗഡ് സെര്‍വറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരേസമയം, ആയിരക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

പ്രവേശനം ഒറ്റനോട്ടത്തില്‍

അപേക്ഷ സ്വീകരണം മേയ് ഒമ്ബത് മുതല്‍

അവസാന തീയതി മേയ് 18

ട്രയല്‍ അലോട്ട്‌മെന്റ് മേയ് 25

ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ ഒന്ന്

രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 11

പ്ലസ് വണ്‍ ക്ലാസ് ആരംഭം ജൂണ്‍ 13

സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂണ്‍ 21 മുതല്‍

പ്രവേശനം അവസാനിപ്പിക്കുന്നത് ജൂലായ് 19

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!