മഹാരാജാവേ ഒരു മസാലദോശേം വടേം..

Balachandran.S.G. Kenniya

...എന്ന് എണീറ്റ് നിന്ന് ഓർഡർ ചെയ്യാൻ തോന്നുംവണ്ണം വേഷഭൂഷാദികൾ അണിഞ്ഞ ഒരാളായിരുന്നു ഞങ്ങൾ ഇരുന്ന ടേബിളിൽ വിഭവങ്ങൾ കൊണ്ട് വച്ചത്.

സ്ഥലം - ചേർത്തല ട്രാൻസ്പോർട്ട് ബസ്സ്റ്റാൻ്റിന് എതിർ വശത്തുള്ള ഇന്ത്യൻ കോഫിഹൗസ്.

കാലം- 1982 നവംബറിലെ ഒരു വൈകുന്നേരം. 

ഉപജില്ലാ കലോൽസവത്തിൽ പങ്കെടുത്ത്, ക്ളേമോഡലിങ്ങിൽ സമ്മാനം നേടി ഓടമ്പള്ളി ഗവഃ യൂപ്പി സ്കൂളിൻ്റെ അഭിമാനംകാത്ത  എനിക്ക്  മസാല ദോശ മേടിച്ച് തരാൻ എന്നെ  കൂട്ടിക്കൊണ്ടുപോയ  ഗോപിസ്സാറ് തീരുമാനിക്കുകയും, ബസ്റ്റാൻ്റിനടുത്ത ഇന്ത്യൻ കോഫി ഹൗസിലേക്ക് കയറുകയുമാണുണ്ടായത്.

ഭിത്തിയിൽ ഫ്രയിം ചെയ്ത് തൂക്കിയ പടത്തിലെ ആള് കൗണ്ടറിലിരിക്കുന്ന മുതലാളിയുടെ അച്ഛനോ അപ്പൂപ്പനോ ആയിരിക്കും എന്നാണ് വിചാരിച്ചത്.

ഏക്കേജീയെ പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. 

മസാലദോശക്ക് അസാധ്യ രുചിയായിരുന്നു.

ഷൺമുഖനോ,  അമ്പലത്തിൻ്റെ പടിഞ്ഞാറ് വശത്തായി തുടങ്ങിയ ''വേലപ്പൻ കേഫ്'' എന്ന് ബോർഡുള്ള പുതിയ ചായക്കടയിലോ ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത ഒരു രുചി.

ഉരുളക്കിഴങ്ങ് എനിക്ക് ജനിച്ചന്ന് തൊട്ടേ ഇഷ്ടമാണ്. ദോശ, ഗർഭത്തിൽ കിടന്ന സമയം തൊട്ടും. 

സ്വാദറിഞ്ഞ് തിന്ന് തുടങ്ങിയപ്പോഴേ തീർന്ന് പോയി.  ഒന്നു കൂടി മേടിച്ച് തരാവോ സാറേ..എന്ന് ചോദിക്കാനാഞ്ഞതാണ്. പക്ഷെ സാറ് മഹാരാജാവിൻ്റെ ഉടുപ്പിട്ട ആളെ വിളിച്ച്, ഐസ്ക്രീം കൊണ്ട് വരാൻ പറഞ്ഞത് കേട്ട്, മിണ്ടീല്ല. 

''കോല് ഐസ്'' തിന്നിട്ടുണ്ട്, പക്ഷെ ഐസ്‌ക്രീം- ആദ്യമായിട്ടാണ്..!!

ഇന്ത്യൻ കോഫീഹൗസ് പിന്നീട് ജീവിതത്തിൻ്റെ ഭാഗമായി. കാക്കത്തൊള്ളായിരത്തിലേറെ  മസാലദോശകൾ രാജ്യത്തിൻ്റെ  പലഭാഗങ്ങളിലുള്ള ഇന്ത്യൻ കോഫീ ഹൗസുകളിൽ നിന്ന് തിന്നു. പക്ഷെ, ആർത്തിയും ആക്രാന്തവും ഒട്ടും കുറഞ്ഞിട്ടില്ല.

ആലപ്പുഴയിൽ പഠിക്കുന്ന കാലത്ത്    പുന്നപ്ര ചന്തയിൽ നിന്നും സൈക്കിൾ ചവിട്ടി വീരയ്യയിൽ സിനിമക്ക് പോയി തിരിച്ച് വന്ന് ക്ഷീണം മാറ്റാനുള്ള ഇടത്താവളമായിരുന്നു മെഡിക്കൽ കോളേജ് ജംഗ്ഷനിലെ ഇന്ത്യൻ കോഫിഹൗസ്. തിരിച്ച് പുന്നപ്ര വരെ സൈക്കിൾ ചവിട്ടാനുള്ള ഊർജ്ജദായിനികൾ ആയിരുന്നു മസാലദോശ ഏൻ്റ് കാപ്പി കോമ്പോ.

പിന്നീട് എറണാകുളത്ത് ജോസ്ജംക്ഷൻ, കോട്ടയം, തൃശ്ശൂര്. ചങ്ങനാശ്ശേരി..  അങ്ങനെ..അങ്ങനെ...എണ്ണിയാൽ തീരാത്തത്രേം  മസാലദോശകൾ..!!!

ജീവിതം ബോംബേക്ക് വണ്ടികയറിയപ്പോൾ  വേദനയോടെ മസാലദോശക്ക് പകരക്കാരനായി ''വടാപ്പാവിനെ'' ദത്തെടുത്തപ്പോഴും, സ്വന്തം രക്തത്തിനോടുള്ള ഇഷ്ടം  ഉള്ളിൽ ബീറ്റ്റൂട്ടുള്ളകൊണ്ട് ചുവന്നുതുടുത്ത ഇന്ത്യൻ കോഫീ ഹൗസ് മസാലദോശയോടുണ്ടായിരുന്നു.

ഡൽഹിയിലെ കോണാട്ട്പ്ളേസിലെ കോഫീഹൗസ്,  മധ്യപ്രദേശിൽ റായ്പ്പൂര് റെയിൽവേസ്റ്റേഷൻ റോഡിലെ കോഫീ ഹൗസ്, നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ടൗൺഷിപ്പിനുള്ളിലെ കോഫീഹൗസ്..കേരളത്തിന് പുറത്തും മസാല ദോശകൾ തേടിയെത്തിയിട്ടുണ്ട്..ഒത്തിരിയിടത്ത്, ഒരുപാട്..!!!

മസാലദോശ സപ്പോർട്ടിങ്ങ് റോളിലേക്ക് ഒതുങ്ങിപ്പോയ ഒരേ ഒരു സ്ഥലം  റായ്പ്പൂരിലെ കോഫീ ഹൗസാണ്.

ഉപ്പുമാവാണ് അവിടെ താരം..!!

സർവ്വീസ് എഞ്ചിനീയറായി കഴിഞ്ഞുപോന്ന ദിനങ്ങളിൽ

രണ്ടും മൂന്നും ആഴ്ചകൾ ആ പ്രദേശത്തുള്ള സിമൻ്റ് ഫാക്ടറികളിൽ ജീവിച്ച് തിരിച്ചു പോരാൻ ട്രയിൻ കയറുന്നതിന് തൊട്ടുമുമ്പ്, വെളിച്ചെണ്ണയിൽ മൂപ്പിച്ച ഉള്ളി മണമുള്ള ആ ഉപ്പുമാവ് തിന്ന് സ്വർഗ്ഗം കണ്ട നാളുകളുണ്ട് എൻ്റെ ജീവിതത്തിൽ..!!!

ഇപ്പോൾ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി, അത്താണിയിൽ നിന്നും ഹൈവേയിൽ കേറിയാൽ മസാലദോശതിന്നാൻ പാകത്തിന് നാലോ അഞ്ചോ കോഫീ ഹൗസുകളുണ്ടെങ്കിലും, ചേർത്തല ബസ്റ്റാൻ്റിനെതിർവശത്തുള്ള കോഫീഹൗസിലേക്കേ ഞാൻ പോവൂ..

അതല്ലേ തറവാട്... ഞാൻ തറവാടിയും..!!

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!