പരീക്കര്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ

പനജി; തങ്ങളുടെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവനായിരുന്ന, സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പനജിയില്‍ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ അഗ്‌നിക്ക് സമര്‍പ്പിച്ചു.

നാലു തവണ ഗോവമുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന പരീക്കറെ(63) അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനും പ്രധാനമന്തി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ എത്തിയിരുന്നു. പനജിയിലെ മിരാമറിലായിരുന്നു ചിതയൊരുക്കിയിരുന്നത്.

പൊതു ദര്‍ശനത്തിനു വച്ച ഭൗതിക ദേഹം കാണാനും ബാഷ്പാഞ്ജലിയര്‍പ്പിക്കാനും രാവിലെ മുതല്‍ക്കെ പനജിയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. അവര്‍ പരീക്കറുടെ പേരു വിളിച്ച് നെഞ്ചു പൊട്ടിക്കരഞ്ഞ് പ്രിയ നേതാവിന് യാത്രാമൊഴി നല്‍കി. അതിനിടെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആശ്വാസിപ്പിക്കാന്‍ എത്തിയപ്പോള്‍ പരീക്കറുടെ സഹോദരി അവരെ ചേര്‍ത്തു പിടിച്ച് പൊട്ടിക്കരഞ്ഞത് ഏവരുടെയും കണ്ണ് നനയിച്ചു. പുഷ്പചക്രം അര്‍പ്പിച്ച് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്കറുടെ മക്കളായ ഉത്പല്‍,. അഭിജാത് എന്നിവരെ ആശ്വസിപ്പിച്ചു.

കലാ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വച്ച ചേതനയറ്റ ശരീരം നാലു മണിയോടെ ആയിരങ്ങളുടെ വിലാപയാത്രയായി എസ്എജി ഗ്രൗണ്ടിലേക്ക് അന്തിമ കര്‍മ്മങ്ങള്‍ക്ക് കൊണ്ടുപോയി. നാവിക സേന ബാന്‍ഡ് മുഴക്കി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ക്കരി, സ്മൃതി ഇറാനി,സുരേഷ് പ്രഭു, ശ്രീപദ് നായിക് എന്നിവരടക്കം നിരവധി കേന്ദ്രമന്തിമാരും ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹയും ഗോവ ആര്‍ച്ചുബിഷപ്പ് ഫിലിപ്പെ നെറി ഫെറാറോ തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!