ആത്മസുഹൃത്തിന് അന്ത്യപ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി

പനജി : അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് അന്ത്യോപചാരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .പനജിയിലെ കലാ അക്കാദമിയില്‍ എത്തിയാണ് പ്രധാനമന്ത്രി ആത്മസുഹൃത്തിന് അന്ത്യപ്രണാമം നല്‍കിയത്.മനോഹര്‍ പരീക്കറിന്റെ കുടുംബത്തെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ , കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി , നിതിന്‍ ഗഡ്കരി തുടങ്ങിയവരും മനോഹര്‍ പരീക്കറിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

താരതമ്യപ്പെടുത്താനാവാത്ത നേതാവായിരുന്നു മനോഹര്‍ പരീക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യസ്നേഹിയും മികച്ച ഭരണാധികാരിയുമായിരുന്ന പരീക്കര്‍ ഏവരുടെയും പ്രശംസ നേടിയിരുന്നു. രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭവനകള്‍ തലമുറകളോളം ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ വൈകിട്ടാണ് അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്ന അദ്ദേഹം ഇടയ്ക്ക് വീണ്ടും കര്‍മ്മപഥത്തിലേക്ക് മടങ്ങിയെത്തി ബജറ്റ് സമ്മേളനങ്ങളിലുള്‍പ്പെടെ പങ്കെടുത്തിരുന്നു.

മൂന്ന് തവണ ഗോവ മുഖ്യമന്ത്രി പദം വഹിച്ച പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധ മന്ത്രിയുമായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജീവിതത്തിലുടനീളം ലാളിത്യം കാത്തുസൂക്ഷിച്ച ജനങ്ങളുടെ നേതാവായിരുന്നു പരീക്കര്‍.മിസ്റ്റര്‍ ക്ലീന്‍ എന്ന വിളിപ്പേരു അദ്ദേഹം നേടിയെടുത്തത് ജനങ്ങളോടുള്ള അചഞ്ചലമായ കൂറും സംശുദ്ധമായ രാഷ്ട്രീയവും കൊണ്ടായിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!