ചെന്നൈയ്ക്ക് ജയം സമ്മാനിച്ചത് നായകന്റെ തന്ത്രം

ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് വിജയമൊരുക്കിയത് നായകന്‍ ധോണിയുടെ തന്ത്രം. മുതിര്‍ന്ന സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് ആദ്യ ഓവറുകള്‍ നല്‍കിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്.
പുതിയ പന്തുമായി ബൗള്‍ചെയ്യാനുള്ള വെല്ലുവിളി ഏറ്റെടുത്ത ഹര്‍ഭജന്‍ തന്റെ രണ്ടാം ഓവറില്‍ തന്നെ അപകടകാരിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ വീഴ്ത്തി. ആറു റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. വേഗം കുറഞ്ഞ പിച്ചിന്റെ ആനുകുല്യം മുതലാക്കി ഹര്‍ഭജന്‍ അടുത്ത ഓവറില്‍ മൊയിന്‍ അലിയെ പുറത്താക്കി. ഹര്‍ഭജന്റെ പന്തില്‍ ബാറ്റ്‌വെച്ച അലി റിട്ടേണ്‍ ക്യാച്ച് നല്‍കി.

നാലാം ഓവറില്‍ എബി ഡിവില്ലിയേഴ്‌സും ഹര്‍ഭജന് മുന്നില്‍ തലകുനിച്ചു. ഹര്‍ഭജന്റെ പന്തില്‍ ആദ്യം ഡിവില്ലിയേഴ്‌സിനെ ഇമ്രാന്‍ താഹിര്‍ കൈവിട്ടു. പക്ഷെ തൊട്ടടുത്ത പന്തില്‍ തന്നെ ഡിവില്ലിയേഴ്‌സിനെ രവീന്ദ്ര ജഡേജ പിടികൂടി.

ഹര്‍ഭജന്‍ നാല് ഓവറില്‍ ഇരുപത് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ബെംഗളൂരുവിന്റെ മുന്‍നിര തകര്‍ന്നു. ആദ്യ എട്ട് ഓവറില്‍ ബെംഗളൂരു നാലിന് 39. ബെംഗളൂരു പിന്നീടൊരിക്കലും തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചില്ല. ഹര്‍ഭജന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ 17.1 ഓവറില്‍ ബെംഗളൂരു 70 റണ്‍സിന് പുറത്ത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അനായാസം ലക്ഷ്യം കണ്ടു. ഓപ്പണര്‍ അമ്പാട്ടി റായ്ഡുവിന്റെ (28) മികവില്‍ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 71 റണ്‍സ് നേടി. 26ന് ദല്‍ഹിക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അടുത്ത മത്സരത്തില്‍ വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെ നേരിടും.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!