മോഹന്‍ലാലിന് ആശംസ നേര്‍ന്ന് കുമ്മനം

തിരുവനന്തപുരം: സംവിധാന രംഗത്തേക്ക് ചുവട് വെക്കുന്ന അഭിനയ പ്രതിഭ മോഹന്‍ ലാലിന് ഭാവുകങ്ങള്‍ കുമ്മനം രാജശേഖരന്‍. സാംസ്‌കാരിക കേരളം ഏറെക്കാലമായി കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണിതെന്ന് കുമ്മനം ഫേസ് ബുക്കില്‍ എഴിതി.

മോഹന്‍ ലാലിന്റെ അയത്‌ന ലളിതമായ അഭിനയം പോലെ തന്നെ മനോഹരമായിരിക്കും അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയും എന്ന കാര്യം ഉറപ്പാണ്. അന്താരാഷ്ട്ര രംഗത്ത് മലയാള സിനിമയുടെ പെരുമ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും കുമ്മനം ആശംസിച്ചു.

സിനിമാ സംവിധാനം ചെയ്യുന്നകാര്യം മോഹന്‍ലാല്‍ തന്നെയാണ് ബ്ലോഗ് വഴി വെളിപ്പെടുത്തിയത്. 'ബറോസ്സ്' എന്നാണ് ചിത്രത്തിന്റെ പേരെന്നും ഇതൊരു ത്രീഡി ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബറോസ്സായി അഭിനയിക്കുന്നത് താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരിക്കും ഇതെന്നും ലാല്‍ എഴുതി.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണിത്. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാളതു കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളതു കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണു കഥയെന്നും ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!