എവറസ്റ്റ് ശുചീകരണം രണ്ടാം വാരത്തിലേയ്ക്ക് : 3000 കിലോ മാലിന്യം ശേഖരിച്ചു

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് ശുചീകരണ പരിപാടി രണ്ടാം വാരത്തിലേയ്ക്ക്. ഏപ്രില്‍ 14-നാണ് നേപ്പാള്‍ സര്‍ക്കാര്‍ ശുചീകരണ പരിപാടി ആരംഭിച്ചത്. എവറസ്റ്റ് കൊടുമുടിയിലെത്തുന്ന പര്‍വതാരോഹകരും സഹായികളും തള്ളുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്. ഇതുവരെ 3000 കിലോ ഖരമാലിന്യം ശേഖരിച്ചുകഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെട്ടു.

പദ്ധതി പൂര്‍ത്തീകരിക്കാന്‍ 2.3 കോടി നേപ്പാളി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ 10,000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നപ്പാളിലെ സൊലുഖുമ്ബു ജില്ലയിലെ ഖുമ്ബു പസങ്കമു നഗരസഭയാണ് ശുചീകരണപരിപാടി ആരംഭിച്ചത്. ഇതുവരെ തിരിച്ചെടുത്ത 3000 കിലോ മാലിന്യത്തില്‍ 2000 കിലോ ഒഖല്‍ദുംഗയിലേക്ക് മാറ്റിയെന്ന് നേപ്പാള്‍ വിനോദസഞ്ചാരവകുപ്പ് ഡയറക്ടര്‍ ജനറല്‍ ദണ്ടുരാജ് ഖിംറെ അറിയിച്ചു.

എവറസ്റ്റിന്റെ ബെയ്‌സ് ക്യാമ്ബില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം, വെള്ളം, താമസം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നുമാത്രം 5000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മൃതദേഹങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു. ആദ്യത്തെ ് എവറസ്റ്റ് ശുചീകരണത്തിന് നിരവധി സര്‍ക്കാര്‍, ഇതര ഏജന്‍സികളും രംഗത്തെത്തിയിട്ടുണ്ട്.

വര്‍ഷംതോറും എവറസ്റ്റില്‍ എത്തുന്ന നൂറുകണക്കിന് പര്‍വതാരോഹകരും അവരെ സഹായിക്കുന്ന ഷെര്‍പ്പകളും മറ്റും ഉപേക്ഷിക്കുന്ന

ഓക്‌സിജന്‍ കാനുകള്‍, അടുക്കള മാലിന്യം, ഭക്ഷണാവശിഷ്ടം, ബിയര്‍ ബോട്ടില്‍ എന്നിവയാണ് കൊടുമുടിയിലെ പ്രധാന മാലിന്യങ്ങള്‍.

മേയ് 29-ന് ശുചീകരണം അവസാനിക്കുന്ന ദിവസം നാംച്ചെ നഗരത്തില്‍ ശേഖരിച്ച മാലിന്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് കാഠ്മണ്ഡുവിലെത്തിച്ച്‌ ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനുശേഷം പുനചംക്രമണത്തിന് അയക്കും.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!