പ്രതിയും ഇരയും വിവാഹിതരായി; മുംബൈ ഹൈക്കോടതി ബലാത്സം​ഗ കേസ് റദ്ദാക്കി

മുംബൈ: ഇരയും പ്രതിയും വിവാഹിതരായതിനെത്തുടര്‍ന്ന് മുംബൈ ഹൈക്കോടതി ബലാത്സംഗ കേസ് റദ്ദാക്കി. താനും പ്രതിയും വിവാഹം കഴിച്ച്‌ വളരെ സന്തോഷത്തോടെ ജീവിക്കുകയാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജസ്റ്റിസ് രഞ്ജിത് മോര്‍, ഭാരതി ദാ​ഗ്രേ എന്നിവരുടെ നേത‍ൃത്വത്തിലുള്ള ബെഞ്ചിന്‍്റേതാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷമാണ് പ്രതി തന്നെ ബലാത്സം​ഗം ചെയ്തെന്നാരോപിച്ച്‌ യുവതി മുംബൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയിന്‍മേല്‍ പ്രതിക്കെതിരെ ഐപിസി 376, 420 (ബലാത്സം​ഗം, വഞ്ചനാക്കുറ്റം) എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. എന്നാല്‍ കഴിഞ്ഞമാസം ഇരുവരും കോടതിയെ സമീപിക്കുകയും പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് വ്യക്തമാക്കുകയും ചെയ്തു.

തന്നെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് പ്രതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട‌് കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിനെത്തുടര്‍ന്ന് തര്‍ക്കം പരിഹരിക്കുകയും ഇരുവരും വിവാ​ഹം കഴിക്കുകയുമായിരുന്നു. അതിനാല്‍ പ്രതിക്കെതിരെ താന്‍ നല്‍കിയ കേസ് അവസാനിപ്പിക്കണമെന്ന് യുവതി കോ‍ടതിയോട് ആവശ്യപ്പെട്ടു. ജനുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

അതേസമയം, ഇരയും പ്രതിയും രമ്യതയില്‍ എത്തിയതുകൊണ്ട് ബലാത്സംഗ കേസ് അവസാനിപ്പിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ട്. ഇതിനായി കോടതി മാര്‍ഗ്ഗനിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകള്‍ കരുതലോടെവേണം കൈകാര്യം ചെയ്യാനെന്നും സുപ്രീംകോടതി കീഴ് കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ ഇരയും പ്രതിയും തമ്മില്‍ പരസ്പര സമ്മതത്തോടെയാണ് ലൈം​ഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് സമ്മതിച്ചതിനാല‍ാണ് കേസ് റദ്ദാക്കിയതെന്ന് മുംബൈ കോടതി വ്യക്തമാക്കി.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!