കോടികളുടെ തട്ടിപ്പ് കേസില്‍ പ്രതിയുടെ ചിത്രം തെറ്റായി അച്ചടിച്ചു; നിയമപോരാട്ടത്തിനൊരുങ്ങി അധ്യാപിക

ആലുവ: ഛത്തീസ്ഗഡിലെ കോടികളുടെ ഭക്ഷ്യസുരക്ഷാ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തയില്‍ തെറ്റായി തന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ ആലുവയിലെ കോളേജ് അധ്യാപിക നിയമനടപടിയുമായി രംഗത്ത്. രേഖാ നായരെന്ന പ്രതിയുടെ ചിത്രത്തിന് പകരം കോളേജ് അധ്യാപികയുടെ ചിത്രമാണ് നല്‍കിയത്.

ഛത്തീസ്ഗഡ് ഡിജിപി ആയിരുന്ന മുകേഷ് ഗുപ്തയുടെ സ്റ്റെനോഗ്രാഫറായ കൊല്ലം സ്വദേശി രേഖാ നായര്‍ കോടികളുടെ അനധികൃത സ്വത്ത് സമ്ബാദിച്ചെന്നാണ് കേസ്. ഛത്തീസ്ഗഡിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും പ്രതികളായ കേസില്‍ 3600 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നത്.വമ്ബന്മാര്‍ പ്രതികളായ കേസില്‍ സംഭവിച്ചത് യാദൃശ്ചികമല്ലെന്നാണ് ഈ അധ്യാപികയ്ക്കും കുടുംബത്തിനും പറയാനുള്ളത്.

തെറ്റ് ചൂണ്ടിക്കാട്ടി അയച്ച വക്കീല്‍ നോട്ടീസ് പോലും ദിനപ്പത്രം കൈപ്പറ്റാന്‍ തയ്യാറായിട്ടില്ല. പൊലീസിന് വിഷയത്തില്‍ നേരിട്ട് നടപടിയെടുക്കാന്‍ ആകില്ല. കഴിഞ്ഞ മാര്‍ച്ച്‌ 16നാണ് ആദ്യം ഛത്തീസ്ഗഡിലെ പ്രമുഖ ദിനപ്പത്രത്തില്‍ രേഖാ നായരുടെ ഈ ചിത്രം സഹിതം വാര്‍ത്ത വരുന്നത്.ആലുവ യുസി കോളേജ് ഇംഗ്ലീഷ് അധ്യാപികയായ രേഖാ നായരുടെ കോളേജ് വെബ്‌സൈറ്റിലുള്ള അതേ ചിത്രം.

ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് രേഖക്ക് ചിത്രം അയച്ച്‌ നല്‍കിയത്. ഇരുപതാം തിയതിയും പത്രം തെറ്റ് ആവര്‍ത്തിച്ചു. തുടര്‍ന്ന് ചില ദേശീയ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും ഇത് ഏറ്റെടുത്തു. വര്‍ഷങ്ങള്‍ അധ്യാപികയായ താന്‍ നേടിയെടുത്ത വിശ്വാസ്യത ഇല്ലാതെയാക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഡ്യത്തിലാണ് രേഖയുള്ളത്. ഓണ്‍ലൈനില്‍ തെറ്റായി എവിടെയെല്ലാം തന്റെ ചിത്രം പ്രചരിച്ചെന്ന് ഇപ്പോഴും തെരഞ്ഞ് കൊണ്ടിരിക്കുകയാണ് ഇവര്‍.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!