ഉച്ചകോടി പരാജയപ്പെട്ടു; ചതിച്ച ഉദ്യോഗസ്ഥന് കിമ്മിന്റെ ശിക്ഷ ഇങ്ങനെ

സോള്‍ : യുഎസുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെ, ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ വധിച്ച്‌ ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്‍ പ്രതികാരമടക്കിയെന്നു ദക്ഷിണ കൊറിയ മാധ്യമങ്ങള്‍. വിയറ്റ്‌നാമിലെ ഹാനോയിയില്‍ നടന്ന ഉച്ചകോടിക്കു മുമ്ബ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ വിശ്വസ്തന്‍ കിം ഹ്യോക് ചോളിനെയാണു വകവരുത്തിയത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ഉച്ചകോടിക്കായി ഏപ്രിലില്‍ കിം റഷ്യയില്‍ എത്തിയപ്പോള്‍, കിം ഹ്യോക് ചോള്‍ ഒപ്പമില്ലാതിരുന്നതു ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാനോയ് ഉച്ചകോടിക്കിടെ കിം ഉപരോധത്തില്‍ ഇളവു തേടിയതാണു ട്രംപിനെ പ്രകോപിപ്പിച്ചത്. ഈ 'ഉപരോധ ഇളവ്' ആശയം മുന്നോട്ടുവച്ച ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥ കിം സോങ് ഹൈയും ദ്വിഭാഷിയും തടവിലാണെന്നും സൂചനകളുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഉച്ചകോടി പാതി വഴി അവസാനിപ്പിച്ചു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറങ്ങിപ്പോയിരുന്നു. മാര്‍ച്ചില്‍ ചോളിനെയും 4 ഉദ്യോഗസ്ഥരെയും കിം വധിച്ചെന്നാണു വിവരം. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ മിരിം വിമാനത്താവളത്തില്‍ വച്ചായിരുന്നു വധശിക്ഷ. എന്നാല്‍, ഇവര്‍ക്കു വധശിക്ഷ നല്‍കിയിട്ടില്ലെന്നും ലേബര്‍ ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!