അമേരിക്ക-ചൈന സംഘര്‍ഷം യുദ്ധത്തിലേക്ക്

ബീജിങ്: തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാവുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത വന്‍ സംഘര്‍ഷത്തിലോ യുദ്ധത്തിലോ അവസാനിച്ചാല്‍ അത് വന്‍ദുരന്തമാണ് ആഗോള തലത്തില്‍ സൃഷ്ടിക്കപ്പെടുകയെന്ന് ചൈനയുടെ പ്രതിരോധമന്ത്രി വീ ഫെന്‍ഖെ പ്രസ്താവിച്ചു.

ചൈന ചൈനയുടേതെന്ന് അവകാശമുന്നയിക്കുന്ന തായ്‌വാനില്‍ ഇടപെടുന്നതിനെ വിമര്‍ശിച്ചാണ് വീ ഫെന്‍ഖെ രൂക്ഷമായി പ്രതികരിച്ചത്. തായ്‌വാനെ ചൈനയില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി മുന്നറിയിപ്പു നല്‍കി. ചൈന ഏതറ്റം വരെയും പോരാടും. ദക്ഷിണ ചൈനാ സമുദ്രത്തില്‍ അമേരിക്ക നാവികാഭ്യാസം നടത്തുന്നതും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.

സിംഗപ്പൂരിലെ പ്രതിരോധ ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് ചൈനീസ് പ്രതിരോധ മന്ത്രി അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കിയത്. ആവശ്യമെങ്കില്‍ തായ്‌വാനില്‍ സൈനിക നടപടിയെന്ന സൂചനയും വീ നല്‍കി. തായ്‌വാനില്‍ ഇടപെടുന്നത് ചൈനയെ പിളര്‍ത്തുന്നതിനു തുല്യമാണ്. ആരുമതില്‍ വിജയിക്കില്ല. ആവശ്യമെങ്കില്‍ സൈന്യം ഇടപെടും, സമാധാനാന്തരീക്ഷത്തിനായി ചൈന ആവുന്നത്ര ശ്രമിക്കും. എന്നാല്‍, സൈന്യത്തെ ഉപയോഗിക്കില്ലെന്ന് ഉറപ്പൊന്നും നല്‍കാന്‍ കഴിയില്ല, വീ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപരരംഗത്തു നിലനിന്ന സംഘര്‍ഷം ക്രമേണ മറ്റു മേഖകളിലേക്കും വ്യാപിക്കുകയായിരുന്നു. സ്വയംഭരണാവാകശമുള്ള തായ്‌വാനെ അമേരിക്ക പിന്തുണയ്ക്കുന്നതില്‍ ചൈനയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. അതിനു പിന്നാലെയാണ് ദക്ഷിണ ചൈനാ സമുദ്രത്തില്‍ അമേരിക്ക നാവികാഭ്യാസം നടത്തിയതും സ്ഥിരമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതും. അമേരിക്കയുടെ താത്ക്കാലിയ പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ കഴിഞ്ഞ ദിവസം ചൈനയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഏഷ്യയിലെ ചൈനയുടെ പെരുമാറ്റം അമേരിക്ക സഹിക്കില്ലെന്നായിരുന്നു പാട്രിക്കിന്റെ വാക്കുകള്‍.

സമുദ്രാതിര്‍ത്തിയിലെ അമേരിക്കയുടെ നീക്കത്തെയും ചൈനീസ് പ്രതിരോധ മന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മേഖലയ്ക്കു പുറത്തുള്ള ചിലര്‍ സ്വതന്ത്ര സഞ്ചാരത്തിന്റെ പേരില്‍ നടത്തുന്ന നീക്കങ്ങള്‍ പ്രശ്‌നം വഷളാക്കും. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അമേരിക്ക പറയുന്നു. ഇത് ആത്മാര്‍ഥമാണെങ്കില്‍ സമവായത്തിന്റെ വാതിലുകള്‍ തുറന്നിടാന്‍ ചൈന ഒരുക്കമാണ്, വീ പറഞ്ഞു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!