അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ആംബുലന്‍സും ലോറിയുമായി കൂട്ടിയിടിച്ചു, 8 മരണം

പാലക്കാട്: അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് എട്ട് മരണം. പാലക്കാട് തണ്ണിശ്ശേരിക്ക് അടുത്താണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍, ഷാഫി, സുലൈമാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്.

പട്ടാമ്പിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു അഞ്ച് പട്ടാമ്പി സ്വദേശികള്‍. ഇവര്‍ക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഇവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വിവരമറിയിച്ചപ്പോള്‍ ഇവരെ കാണാന്‍ പട്ടാമ്പിയില്‍ നിന്ന് ബന്ധുക്കളും എത്തി.

സ്‌കാനിങ്, എക്‌സ്‌റേ അടക്കമുള്ള തുടര്‍ പരിശോധനകള്‍ക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. പാലക്കാട്ടെത്തുന്നതിന് മുമ്പ് തണ്ണിശ്ശേരിയില്‍ വച്ച് അപകടമുണ്ടായത്. മീന്‍ കൊണ്ടുപോകുന്ന ലോറിയുമായാണ് ആംബുലന്‍സ് കൂട്ടിയിടിച്ചത്.

നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. സ്ഥിരം അപകടമുണ്ടാകുന്ന മേഖലയല്ല ഇത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!