മുക്ക് പണ്ടങ്ങള്‍ പണയം വച്ച് പണം തട്ടിപ്പ്; പ്രതി അറസ്റ്റില്‍

തൃപ്പൂണിത്തുറ: വ്യാജ വിലാസത്തില്‍ മുക്ക് പണ്ടങ്ങള്‍ പണയം വച്ച് പണം തട്ടിയയാള്‍ പോലീസ് പിടിയില്‍. കൂട്ടുപ്രതി ഒളിവില്‍. തൊടുപുഴ ഉടുമ്പന്നൂരില്‍ പാറേക്കവലയില്‍ എറമ്പത്ത് വീട്ടില്‍ ഷഫീഖ് കാസിം (29)നെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് എസ്‌ഐ കെ.ആര്‍. ബിജുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

തിരുവാങ്കുളത്ത് പ്രവര്‍ത്തിക്കുന്ന കുന്നുംപുറം ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും 50 ഗ്രാം മുക്കുപണ്ടങ്ങള്‍ വ്യാജവിലാസത്തില്‍ പണയം വച്ച് 1,10,000 രൂപ ഷഫീക്കും, സുഹൃത്തുമായ ബോബിയും ചേര്‍ന്ന് തട്ടിയത്. മെയ് 11ന് തിരുവാങ്കുളത്തുള്ള വാഹന ബ്രോക്കര്‍മാര്‍ എന്ന വ്യാജേനെയാണ് സ്ഥാപന ഉടമയെ ഷെഫിക്കും, കൂട്ടുകാരനുമായ ബോബിയും സമീപിച്ചത്.

അന്ന് ഒറിജിനലിനെ വെല്ലുന്ന മുക്ക് പണ്ടങ്ങള്‍ പണയം വച്ച് 40,000 രൂപയും, കൂടാതെ 20-ാംതീയതി വീണ്ടും പ്രതികള്‍ സ്ഥാപനത്തിലെത്തി 916 മുദ്ര പതിച്ച വ്യാജ സ്വര്‍ണ്ണാഭരണങ്ങളായ മാലയും, ബ്രെയ്സ്ലെറ്റും പണയം വച്ച് 70,000 രൂപയും കൈവശപ്പെടുത്തിയിരുന്നു. പിന്നീട് ഇവര്‍ ജൂണ്‍ 7 ഞായറാഴ്ച വീണ്ടും സമാന രീതിയില്‍ പണയം വച്ച് പണം തട്ടാന്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ഫൈനാന്‍സ് സ്ഥാപന ഉടമ തൃപ്പൂണിത്തുറ ഹില്‍പാലസ് എസ്‌ഐ കെ.ആര്‍. ബിജുവിനെ വിവരം അറിയിക്കുകയായിരുന്നു.

ഈ സമയം കൂട്ടുപ്രതിയുമായ ബോബി ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്‌ഐ യും സംഘവും നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഷഫീഖും, ബോബിയും വ്യാജ വിലാസത്തിലാണ് മുക്കു പണ്ടങ്ങള്‍ പണയം വച്ചിട്ടുള്ളതെന്നും, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി തെളിഞ്ഞു.

ഷെഫീക്കിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. രണ്ടാം പ്രതി ബോബി വേണ്ടിയുള്ള തിരച്ചില്‍ ഉര്‍ജ്ജിതമാക്കിയതായി എസ്‌ഐ അറിയിച്ചു. സീനിയര്‍ സിപിഒ മാരായ സന്തോഷ്‌കുമാര്‍, സജീഷ്, സജീവ്, സിപിഒമാരായ ശ്യാം.ആര്‍. മേനോന്‍, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!