മാലിന്യം നിറഞ്ഞ് കനാലില്‍ ഒഴുക്കുനിലച്ചു

അങ്കമാലി: മഞ്ഞപ്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്ക് സമീപത്തെ ഇടതുകര കനാലില്‍ മാലിന്യക്കൂമ്പാരം. ഇതോടെ കനാലിലെ ഒഴുക്കും കുറഞ്ഞു. കനാലിന് കുറുകെയുള്ള കലുങ്കിന്റെ അടിയിലെ വെള്ളം ഒഴുകുന്ന ഭാഗത്തിന്റെ വീതി കൂട്ടണമെന്ന ജനങ്ങളുടെ ആവശ്യം ഇറിഗേഷന്‍ അധികാരികള്‍ പരിഗണിക്കാത്തതാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മത്സ്യ, മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെട്ടെയുള്ളവ കൂടിക്കിടക്കുന്നതിനാല്‍ പ്രദേശത്താകെ ദുര്‍ഗന്ധമാണ്. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൊതുക് ശല്യവും വ്യാപകമാണ്. സ്‌കൂള്‍ ഗ്രൗണ്ടിലും വീടുകളിലും റോഡിലും പക്ഷികള്‍ മാലിന്യങ്ങള്‍ കൊത്തിവലിച്ച് ഇടുന്നത് അതിലേറെ ദുരിതമായിരിക്കുകയാണ്. കനാലില്‍ മലിനജലം കെട്ടികിടക്കുന്നത് പരിസരവാസികളുടെ കിണറുകളില്‍ മലിനജലമാണ് ഉറവായി എത്തുന്നത്.

ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ കനാലും,പരിസരവും നേരെത്ത ശുചിയാക്കിയിരുന്നു. എന്നാല്‍ മാസങ്ങളായി അതും നടക്കുന്നില്ല. കനാലും പരിസരവും കാടുപിടിച്ചു ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി.

കഴിഞ്ഞ പ്രാവശ്യം കനാലില്‍ വെള്ളം വന്നതിനെ തുടര്‍ന്ന് ഈ ഭാഗത്ത് ചപ്പ് ചവറുകള്‍ അടിഞ്ഞ് കൂടിയതിനെത്തുടര്‍ന്ന് വെള്ളം കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളില്‍ ഒഴുകിയെത്തിയത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മഴയടുത്തപ്പോള്‍ പ്രദേശവാസികള്‍ ആകെ ഉത്കണ്ഠയിലാണ്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!