കോതമംഗലത്ത് യുവാവ് വീടിന്‍റെ ടെറസിൽ കൊല്ലപ്പെട്ട സംഭവത്തിൽ തൊഴിലുടമ കുറ്റംസമ്മതിച്ചു

കൊച്ചി: പോത്താനിക്കാട് യുവാവ് വീടിന്‍റെ ടെറസിൽ കൊല്ലപ്പെട്ട സംഭവത്തിൽ തൊഴിലുടമ കുറ്റംസമ്മതിച്ചു . അനുവാദം കൂടാതെ മദ്യമെടുത്ത് കഴിച്ചതിന്‍റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് തൊഴിലുടമയായ സജീവൻ പൊലീസിനോട് സമ്മതിച്ചു. പുളിന്താനം സ്വദേശി കുഴിപ്പിള്ളിൽ പ്രസാദിനെയാണ് സജീവന്‍റെ വീടിന്‍റെ ടെറസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അനുവാദം കൂടാതെ മദ്യം എടുത്ത് കഴിച്ചതിന്റെ ദേഷ്യത്തിൽ എയർഗണ്ണിന്റെ പാത്തി കൊണ്ട് തലക്കും നെഞ്ചിനും അടിച്ചതായാണ് പ്രതി പൊലീസിനോട് സമ്മതിച്ചത്. സജീവനും പ്രസാദും ചേർന്ന് വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ചുതീർത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിന്‍റെ സമീപത്തുനിന്ന് എയർഗൺ കണ്ടെടുത്തിരുന്നു. പോത്താനിക്കാട് സി.ഐ ജി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഒരു ഓട്ടോ ഡ്രൈവറാണ് സജീവന്‍റെ വീടിന് മുകളിൽ പ്രസാദിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പിടിവലി നടന്നതിന്‍റെ അടയാളമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് തൊഴിലുടമ കൂടിയായ സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടക്കത്തിൽ കുറ്റം സമ്മതിക്കാൻ വിസമ്മതിച്ച സജീവൻ വിശദമായ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയത് താനാണെന്ന് ഏറ്റുപറഞ്ഞത്. ഏറെക്കാലമായി സജീവന്‍റെ വീട്ടിലെ ജോലിക്കാരനായിരുന്നു സമീപവാസി കൂടിയായ പ്രസാദ്. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!