റിമാന്‍ഡ് പ്രതി മരിച്ച സംഭവം: സിഐയെ സ്ഥലം മാറ്റി, എസ്ഐക്ക് സസ്പെൻഷൻ, 10 പേർക്കെതിരെ നടപടി

ഇടുക്കി: പീരുമേട്ടില്‍ റിമാന്‍ഡ് പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പടെ നാല് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സിഐ ഉള്‍പ്പടെ ആറ് പോലീസുകാരെ സ്ഥലം മാറ്റി. സംഭവത്തെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഡിഐജി കാളിരാജ് മഹേഷ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പീരുമേട് സ്റ്റേഷനിലെ എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരാണ് മരിച്ച രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്.

ചിട്ടി തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറാണ് റിമാന്‍റിലിരിക്കെ മരിച്ചത്. സി.ഐയെ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേക്കും മറ്റുള്ളവരെ എ.ആര്‍ ക്യാമ്പിലേക്കുമാണ് മാറ്റിയത്. രാജ്കുമാറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പാണ് പൊലീസുകാരെ സ്ഥലം മാറ്റിയത്.

നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. എന്നാൽ ഈ മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂൺ 16-ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. അതേസമയം ജൂൺ 12ന് രാജ്‍കുമാറിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

അവശനിലയിൽ ജയിലിലെത്തിച്ച രാജ്‍കുമാറിന് കൃത്യസമയത്ത് ചികിത്സ നൽകാത്തതിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു. അറസ്റ്റിനിടെ രക്ഷപ്പെടാൻ ശ്രമിച്ച രാജ്‍കുമാറിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ പറ്റിയ പരിക്കുകളാണ് ശരീരത്തിലുള്ളത്. ഇക്കാര്യം അറസ്റ്റ് രേഖകളിൽ പരാമർശിച്ചിട്ടുമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നെടുങ്കണ്ടം തൂക്കുപാലത്ത് സ്വാശ്രയസംഘങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയോളം രൂപ തട്ടിച്ചെന്നായിരുന്നു വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിനെതിരായ കേസ്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!