ഇന്ത്യയുടെ ചരിത്രവും നേതാക്കളെയും കോണ്‍ഗ്രസ് മറന്നു; രൂക്ഷവിമര്‍ശനവുമായി മോദി


ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും ആര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേര് പറയാന്‍ പോലും കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നില്ല. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഭാരത രത്നം നല്‍കി ആദരിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

ചരിത്ര നോതാക്കളെ മറന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്രസമര കാലഘട്ടത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന അതേ ഉത്സാഹമാണ് ഇപ്പോഴും വേണ്ടത്. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കിയ കോണ്‍ഗ്രസിന് ആ കളങ്കം ഒരിക്കലും മായ്ക്കാനാവില്ല. ചിലര്‍ ഒരുപാട് വളര്‍ന്നതിനാല്‍ ഭൂമിയില്‍ കാലുകുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ചവിട്ടി നില്‍ക്കുന്ന മണ്ണുമായുള്ള ബന്ധം കോണ്‍ഗ്രസിന് നഷ്ടമായി. നിങ്ങളെപ്പോലെയല്ല, ഭൂമിയില്‍ കാലുകുത്തി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. സര്‍ക്കാറിന്‍റെ ലക്ഷ്യങ്ങളില്‍നിന്ന് പിന്നോട്ടില്ല. കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പടുക്കും. ശക്തമായ ഇന്ത്യക്ക് വേണ്ടി പോരാടുമെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് അവസരമുണ്ടായിരുന്നു. പക്ഷേ അവര്‍ അതിനെ ഹിന്ദു സിവില്‍ കോഡ് എന്ന മുദ്രകുത്തി. ശബാനു കേസ് സമയത്തും അവര്‍ക്ക് അവസരം ഉണ്ടായിരുന്നു, പക്ഷേ അവര്‍ അത് ഉപയോഗിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണം. മുത്തലാഖ് നിരോധനത്തെ വിശ്വാസവുമായി കൂട്ടിക്കുഴച്ച്‌ രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണത്തില്‍ അസ്വസ്ഥനായതിനെ തുടര്‍ന്നാണ് 2014ല്‍ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്. രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!