യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി


തൃശൂര്‍: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസിനെതിരെ 17 പരാതികള്‍ ഉയര്‍ന്നിരുന്നതായും സമിതി കണ്ടെത്തി.

നേരത്തെ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ തീരുമാനമായതായിരുന്നെങ്കിലും നിയമ വിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. നിയമോപദേശം കിട്ടിയതിന് ശേഷമാണ് നടപടിയുണ്ടായത്.

 ഏപ്രില്‍ 21ന് കല്ലട ബസിലെ യാത്രക്കാരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പെര്‍മിറ്റ് റദ്ദാക്കിയത്. ബസ് കേടായതിനെ തുടര്‍ന്ന് പകരം യാത്രാസൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു മര്‍ദനം. ബസ് വൈറ്റിലയില്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ മര്‍ദിച്ചത്. അക്രമത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പിന്നാലെ നിരവധി പേര്‍ കല്ലട ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി. ഏറ്റവും ഒടുവില്‍ ബസില്‍ വെച്ച് ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയും പുറത്തുവന്നു. മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിലുണ്ടായ സംഭവം യാത്രക്കാര്‍ ഇടപെട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്തു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!