ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്; കേന്ദ്ര ബജറ്റിലെ നിരാശയാണ് വിപണിയിൽ പ്രതിഫലിക്കുന്നതെന്ന്  സാമ്പത്തിക വിദഗ്ധർ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ മാത്രം 800 പോയിന്‍റോളം ഇടിവാണ് രേഖപെടുത്തിയത്. വ്യാപാരം അവസാനിക്കുമ്പോള്‍ 39000 അടുത്താണ് മുംബൈ ഓഹരി സൂചിക. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും നഷ്ടമാണ് പ്രകടമായത്. തിങ്കളാഴ്ച വിപണി വ്യാപാരം അവസാനിക്കുമ്പോള്‍ നിഫ്റ്റി 247 പോയിന്‍റ്  ഇടിഞ്ഞ് 11600 ലാണ്.

ഓട്ടോ, ബാങ്കിംഗ്, ധനകാര്യ, മീഡിയ, മെറ്റല്‍ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. ബജാജ് ഫിന്‍സീവിന്‍റെ ഓഹരികളില്‍ 10 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. ഹിറോ മോട്ടോകോര്‍പ്പിനും നഷ്ടമുണ്ടായി. അതേസമയം യെസ് ബാങ്ക്, ടി സി എസ്, ജെ എസ് ഡബ്യു, എച്ച് സി എല്‍ ടെക്ക് എന്നിവയുടെ ഓഹരികള്‍ ലാഭത്തിലാണ് തിങ്കളാഴ്ച വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ നിർദേശങ്ങളോടുള്ള നിരാശയാണ് വിപണിയിൽ പ്രതിഫലിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ പൊതുപങ്കാളിത്തം വർധിപ്പിക്കൽ, ഉയർന്ന ആസ്തിമൂല്യമുള്ള വ്യക്തികളിൽ നിന്ന് ഈടാക്കുന്ന ആദായനികുതിയിന്മേലുള്ള സർചാർജ് കുത്തനെ വർധിപ്പിക്കൽ തുടങ്ങിയ ബജറ്റ് നിർദേശങ്ങളാണ് വിപണിയിലെ തിരിച്ചടിക്കു കാരണമെന്നാണ് വ്യക്തമാകുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും രണ്ട് ശതമാനത്തിലധികം ഇന്ന് ഇടിഞ്ഞു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!