വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച്‌ പരിക്കേറ്റ കാട്ടാന ചരിഞ്ഞു

വയനാട്: വയനാട് മുത്തങ്ങയില്‍ ചരക്ക് ലോറിയിടിച്ച്‌ പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ലോറിയിടിച്ച്‌ പരിക്കേറ്റ ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയിരുന്നു. ഉള്‍ക്കാട്ടില്‍ വെച്ച്‌ ആന ചരിഞ്ഞ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. ലോറിയിടിച്ച സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തിരുന്നു. 

പരിക്കേറ്റ ആനയ്ക്ക് ഇന്നലെ അധികൃതര്‍ ചികിത്സ നല്‍കിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ ആനയെ കണ്ടെത്തി ചികിത്സ നല്‍കിയത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് മാറിയപ്പോൾ ലോറിയുമായി ഡ്രൈവർ സ്ഥലം വിട്ടു. തുടര്‍ന്ന് വനംവകുപ്പ് സംഭവത്തില്‍ കേസെടുക്കുകയും ലോറി ഡ്രൈവര്‍ ബാലുശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആനയ്ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും അതുവരെ നിരീക്ഷണം തുടരാനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കെയാണ് ആനയെ ഉള്‍ക്കാട്ടില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന കാട്ടാനകളെ കുങ്കി ആനകളെ ഉപയോഗിച്ച്‌ മാറ്റിയ ശേഷമാണ് പരിക്കേറ്റ ആനയെ ചികിത്സിച്ചത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!