വലിപ്പത്തില്‍ രണ്ടാമനായ ടൈറ്റാന്‍ ആരം വയനാട്ടിലും വിരിഞ്ഞു

മാനന്തവാടി: ലോകത്തില്‍ പൂക്കളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന ടൈറ്റാന്‍ ആരം വയനാട്ടിലും വിരിഞ്ഞു. പേര്യയിലെ ഗുരുകുലം ബൊട്ടോണിക്കല്‍ ഗാര്‍ഡനിലാണ് ഭീമാകാരനായ ഈ പുവ് വിരിഞ്ഞ് നില്‍ക്കുന്നത്. അറൈസിയ കുടുംബത്തില്‍പ്പെട്ടതാണ് ഈ പുഷ്പം. അമോഫോഫല്ലസ് ടൈറ്റാനിയം എന്നതാണ് ഈ പുവിന്‍റെ ശാസ്ത്രീയ നാമം. നൂറു കിലോയോളം തൂക്കമുള്ള കിഴങ്ങില്‍നിന്നാണ് പുവ് 2.5 മീറ്റര്‍ ഉയരത്തില്‍ വിരിയുന്നത്. മൂന്ന് മീറ്റര്‍ നീളവും 2.6 മീറ്റര്‍ വ്യാസവുമുള്ള ടൈറ്റന്‍ ആരം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. 40 വര്‍ഷത്തെ ആയുസിനിടയില്‍ മുന്നോ നാലോ തവണ മാത്രമാണ് ഇവ പൂവിടുന്നത്. വിരിഞ്ഞു കഴിഞ്ഞാല്‍ മൂന്നു ദിവസത്തിനകം വാടിപോവുകയും ചെയ്യും. സാധാരണയായി മഴക്കാടുകളില്‍ മാത്രമാണ് ഈ പൂക്കള്‍ കാണാറുള്ളത്. ഇന്ത്യയില്‍ ആദ്യമായാണ് ടൈറ്റന്‍ ആരം വിരിയുന്നതെന്നും പറയപ്പെടുന്നു. പുക്കള്‍ വിരിയുന്പോഴുണ്ടാകുന്ന ദുര്‍ഗന്ധം കാരണം ഈ പൂവിനു "ശവംനാറി പൂവ്" എന്ന പേര് കൂടിയുണ്ട്. ജര്‍മന്‍കാരനായ വുള്‍ഫ് ഗ്യാങ്ങ് തിയോര്‍ കഫെ എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് പേര്യയില്‍ 55 ഏക്കറോളം തരിശ് ഭൂമി വാങ്ങി ഉദ്യാനം നട്ട് പിടിപ്പിക്കുകയായിരുന്നു. അപൂര്‍വ ഇനം സസ്യങ്ങളും ഔഷധസസ്യങ്ങളും ഈ ഉദ്യാനത്തിലുണ്ട്. വാടുംമുന്പേ ഈ പൂവിനെ കാണാനായി വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി പേരാണു പേര്യയിലെ ഗുരുകുലം ഉദ്യാനത്തിലെത്തുന്നത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!