ഐഐഎം പൊതുപ്രവേശന പരീക്ഷാഫലത്തില്‍ തിരിമറി; രണ്ടുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം

കൊച്ചി• ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) നടത്തുന്ന പൊതുപ്രവേശന പരീക്ഷാ ഫല(ക്യാറ്റ്)ത്തില്‍ തിരിമറി നടത്തി അനര്‍ഹരായ വിദ്യാര്‍ഥികളെ തിരുകി കയറ്റിയ കേസില്‍ രണ്ടുപ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യുപി ലക്നൗ സ്വദേശി മുഹമ്മദ് ആഫാഖ് ഷെയ്ക്ക്(35), ഗാസിയാബാദ് സ്വദേശി വികാസ് ബെന്‍സാല്‍(36) എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം.

അന്വേഷണ ഘട്ടത്തില്‍ പ്രതികളായിരുന്ന വെബ്വീവര്‍ കമ്ബനി, മുഹമ്മദ് അസ്ലാം, സൈഗാം അബ്ബാസ് എന്നിവരെ അന്തിമപ്രതിപ്പട്ടികയില്‍ ഒഴിവാക്കി. 163 പേരടങ്ങുന്ന സാക്ഷി പട്ടികയും 195 രേഖകളും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്പെക്ടര്‍ ജീജോ പി.ജോസഫ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 2011-12 അക്കാദമിക്ക് വര്‍ഷത്തിലെ റാങ്ക് ലിസ്റ്റിലാണു പ്രതികള്‍ തിരിമറി നടത്തിയത്.

ഐഐഎം കൊല്‍ക്കത്ത നടത്തിയ പ്രവേശന പരീക്ഷയില്‍ ലക്നൗ കരിയര്‍ ഗാര്‍ഡിയന്‍ ഏജന്‍സിയുടെ വിദ്യാര്‍ഥികളുടെ മാര്‍ക്കാണു ഉയര്‍ന്ന റാങ്കു ലഭിക്കാനായി തിരുത്തിയത്. തിരിമറിയിലൂടെ ഇവര്‍ക്കു മികച്ച മാനേജ്മെന്റ് സ്കൂളുകളില്‍ പ്രവേശനം ഉറപ്പാക്കുകയായിരുന്നു. ഇതിനായി ആഫാഖ് ഷെയ്ഖിന് എട്ടു ലക്ഷം രൂപയാണു വാഗ്ദാനം ചെയ്തത്.

ക്യാറ്റ് തട്ടിപ്പിലൂടെ ന്യൂഡല്‍ഹിയിലെ ഫോര്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ്, ഐഎംടി ഗാസിയാബാദ്, എംഡിഐ ഗുഡ്ഗാവ്, ന്യൂഡല്‍ഹി എംഐബി, ന്യൂഡല്‍ഹി എല്‍ബിഎസ്, ഭൂവനേശ്വര്‍ ഐഎംബി എന്നിവിടങ്ങളില്‍ കരിയര്‍ ഗാര്‍ഡിയനിലെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതായി സിബിഐ കണ്ടെത്തിയിരുന്നു.

പൊതുപ്രവേശന പരീക്ഷയുടെ ഫലം വെബ്സൈറ്റില്‍ നല്‍കിയപ്പോഴാണു കോഴിക്കോട് ഐഐഎം അധികൃതര്‍ തട്ടിപ്പു തിരിച്ചറിഞ്ഞു സിബിഐയെ വിവരം അറിയിച്ചത്. കരിയര്‍ ഗാര്‍ഡിയനിലെ 80 വിദ്യാര്‍ഥികളില്‍ 30 പേര്‍ പണം നല്‍കിയതായി സിബിഐയോടു സമ്മതിച്ചിരുന്നു. മാനേജ്മെന്റ് സീറ്റുകള്‍ ഉറപ്പാക്കാമെന്നു പറഞ്ഞാണു കരിയര്‍ ഗാര്‍ഡിയന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നാണു വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ മൊഴി.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!